മുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി, മിക്സിയില്‍ സംശയം; പിടികൂടിയത് കിലോ സ്വര്‍ണം


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വ‍ര്‍ണവേട്ട. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്.

കാസറഗോഡ് സ്വദേശി സക്കരിയെയാണ് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന മിക്സിയില്‍ സംശയം തോന്നിയതോടെയാണ് സ്വര്‍ണക്കടത്ത് പിടിയിലായത്. മിക്സിയുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോയോളം സ്വര്‍ണം കണ്ടെത്തിയതെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

അതേസമയം നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വൻ സ്വര്‍ണവേട്ടയുടെ വാര്‍ത്തയുടെ പുറത്തുവന്നിരുന്നു. ആറ് പേരില്‍ നിന്നായി അഞ്ചര കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. വിപണിയില്‍ മൂന്ന് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയത്. റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീറും ദോഹയില്‍ നിന്നെത്തിയ അസീസും ജിദ്ദയില്‍ നിന്നെത്തിയ അബ്ദുള്‍ സക്കീര്‍, സമീര്‍ എന്നിവര്‍ ശരീരത്തില്‍ ക്യാപ്‍സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നി വന്ന മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിനുള്ളില്‍ സ്വ‌ര്‍ണം പൂശിയ പേപ്പര്‍ ഷീറ്റുകളാണ് വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് കക്കട്ടില്‍ സ്വദേശി ലിഗേഷ് കസ്റ്റംസിനെ വെട്ടിച്ച്‌ സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും ക്വട്ടേഷൻ സംഘത്തിന് മുന്നില്‍ കുടുങ്ങി. സ്വര്‍ണത്തിന് വേണ്ടിയുള്ള അടിപിടി ശ്രദ്ധയില്‍പ്പെട്ട സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ലിഗേഷനെയും ക്വട്ടേഷൻ സംഘത്തിലെ ഒരാളായ ആഷിഫിനെയും പിടികൂടുകയായിരുന്നു. സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘത്തെ പിടികൂടാനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ശരീരത്തിലും ബെഡ്ഷീറ്റിനുള്ളിലും സ്വര്‍ണം; കസ്റ്റംസിനെ വെട്ടിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ ക്വട്ടേഷൻ ടീമുമായി പിടിവലി

Post a Comment

Previous Post Next Post