ഉളിക്കൽ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ബലക്ഷയമുള്ള പാലങ്ങൾ അടിയന്തരമായി പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. ജില്ലയിലെ
പൊതുമരാമത്ത് പ്രവൃത്തികളുടെ
അവലോകനയോഗത്തിൽ
സംസാരിക്കുകയായിരുന്നു എം.എൽ.എ.
ഇരിക്കൂർ പാലം, വട്ട്യാംതോട് പാലം, കണ്ടകശ്ശേരി പാലം, വണ്ണായിക്കടവ് പാലം എന്നിവ പുതുക്കിപ്പണിയണം.
ആലക്കോട്, കരുവഞ്ചാൽ, അലക്സ്നഗർ പാലങ്ങളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാനും നുച്യാട് പാലത്തിന് ഭരണാനുമതി നൽകാനും നടപടിയുണ്ടാകണമെന്നും എം.എൽ.എ. പറഞ്ഞു.
ഇരിക്കൂർ താലൂക്ക് ആസ്പത്രിയുടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കുന്നതിന് ആരോഗ്യ വകുപ്പിൽനിന്നും അനുമതി കിട്ടാനുണ്ട്.
കിഫ്ബി ഏറ്റെടുത്ത ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിന് സാങ്കേതികാനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടികൾ ഉടൻ പൂർത്തിയായില്ല.
ധനാനുമതി ലഭിച്ച ആലക്കോട്-കാപ്പിമല, പെരുവമ്പറമ്പ്- കല്ലുവയൽ-നെല്ലിക്കാംപൊയിൽ റോഡുകൾക്ക് സാങ്കേതികാനുമതി നൽകണം.
ചുണ്ടപ്പറമ്പ്-വെള്ളാട്-കരുവഞ്ചാൽ റോഡിനും ഇതേവരെ ഭരണാനുമതി ലഭിച്ചിട്ടില്ല.
കരുവഞ്ചാൽ-കുറ്റിപ്പുഴ-
ചാണോക്കുണ്ട്-തടിക്കടവ്-നെല്ലിപ്പാറ
റോഡ്, ഇരിക്കൂർ പാലം നിർമാണം, പൊടിക്കളം-മടമ്പം-പാറക്കടവ് റോഡ് തുടങ്ങിയവ കിഫ്ബിയോ മറ്റ് ഏജൻസികളോ ഏറ്റെടുക്കണം.
മലയോര ഹൈവയുടെ ബൈപ്പാസ് റോഡുകളായി കരുവഞ്ചാൽ-കുറ്റിപ്പുഴ-നെല്ലിപ്പാറ റോഡ്, വായാട്ടുപ്പറമ്പ്-പോത്തുകുണ്ട് - നടുവിൽ റോഡ് എന്നിവ ഏറ്റെടുത്ത് നവീകരിക്കണമെന്നും എം.എൽ.എ. പറഞ്ഞു.
പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, ചീഫ് എൻജിനിയർമാരായ അജിത് രാമചന്ദ്രൻ, കെ.എഫ്. ലിസി, എൽ. ബീന, എം. അശോക് കുമാർ, ഹൈജീൻ ആൽബർട്ട്, ഇരിക്കൂർ നോഡൽ ഓഫീസർ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.
.jpeg)
Post a Comment