ചെറുപുഴ: പെരുവട്ടം കരിങ്കല്‍ ക്വാറിയില്‍ നിന്നു കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി വീട്ടുവളപ്പിലേക്കു മറിഞ്ഞു.
നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ടിപ്പര്‍ ഡ്രൈവര്‍ പാടിയോടുചാല്‍ മച്ചിയില്‍ സ്വദേശി മുടപ്പാലയില്‍ മനോജിനാണ് (50) പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. പ്രാപ്പൊയില്‍-എയ്യൻകല്ല്-മൂന്നാംകുന്ന്-രയറോം റോഡിലാണ് അപകടം നടന്നത്. എയ്യൻകല്ലിന് കുറച്ചുമുകളിലായി വെള്ളച്ചാട്ടത്തിനു സമീപത്തെ താഴെത്തേടത്ത് നവാസിന്‍റെ വീട്ടുവളപ്പിലേക്കാണു ലോറി മറിഞ്ഞത്. നവാസിന്‍റെ എട്ട് കമുകുകളും ഒരു തേക്കും നശിച്ചു.
കുത്തനെയുള്ള ഇറക്കത്തിന്‍റെ മറുഭാഗം വലിയ താഴ്ചയാണ്. ഇവിടേയ്ക്കാണു ലോറി മറിഞ്ഞിരുന്നെങ്കില്‍ വലിയ അപകടമുണ്ടായേനെ. മാസങ്ങള്‍ക്കിടെ രണ്ടാമത്തെ പ്രാവശ്യമാണ് കരിങ്കല്‍ കയറ്റിവന്ന ലോറി മറിയുന്നത്. എയ്യൻകല്ല് റോഡും തിരുമേനി റോഡുമായി ചേരുന്നിടത്തെ ബാലന്‍റെ കടയിലേയ്ക്ക് മുന്പ് ലോറി മറിഞ്ഞിരുന്നു. വൈകുന്നേരത്തോടെ ക്രെയില്‍ ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണു ലോറി ഉയര്‍ത്തിയത്.

Post a Comment