നേരിയതോതിലുള്ള ഉറക്കമില്ലായ്മ പോലും നിസ്സാരമാക്കരുത്; ഉറക്കക്കുറവും അനുബന്ധ പ്രശ്നങ്ങളും



ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതും ശ്വാസം എടുക്കുന്നതും പോലെതന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്തദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ തകരാറിലാക്കുകയും ജീവിതനിലവാരത്തെ കാര്യമായിതന്നെ ബാധിക്കുകയും ചെയ്യുന്നു.


ഉത്പാദനക്ഷമത, വൈകാരിക സന്തുലിതാവസ്ഥ, സർഗ്ഗശക്തി, ശാരീരിക ഊർജ്ജസ്വലത എന്നിവ കൂടാതെ ശരീരഭാരം പോലും നിർണയിക്കാൻ ഉറക്കം എന്ന ഘടകത്തിന് സാധിക്കുന്നു എന്നത് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യശരീരത്തിൽ വളരെയധികം മാറ്റങ്ങൾ അഥവാ നേട്ടങ്ങൾ സാധിക്കാൻ ഉറക്കം എന്ന ചെറിയ ഘടകത്തിന് അനായാസം സാധിക്കുന്നു.

അതിനാൽ തന്നെ നേരിയതോതിലുള്ള ഉറക്കമില്ലായ്മ പോലും ഒരു വ്യക്തിയുടെ മാനസികാവസ്ഥയെയും ഊർജ്ജസ്വലതയെയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവിനെയും പ്രതികൂലമായി തന്നെ ബാധിക്കുന്നു. National Sleep Foundation നിർദ്ദേശിക്കുന്നതു പ്രകാരം 18 - 64 എന്ന പ്രായപരിധിയിൽ വരുന്ന വ്യക്തിക്ക് കുറഞ്ഞത് 7-9 മണിക്കൂർവരെ ഉറക്കം അത്യാവശ്യമാണ്. എന്നാൽ ബഹുഭൂരിഭാഗം ആളുകളും 7മണിക്കൂറിൽ താഴെയാണ് രാത്രി ഉറങ്ങുന്നത്. എന്നാലും ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ 6-6.30 മണിക്കൂർ ദൈർഘ്യമുള്ള സുഖനിദ്ര എന്ന് പറയുന്നത് ഒരുവിധത്തിൽ മെച്ചപ്പെട്ടതാണെന്നു പറഞ്ഞാലും വാസ്തവത്തിൽ അത് ഉറക്കമില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.



അതുപോലെതന്നെ കുട്ടികളിലും കൗമാരപ്രായക്കാരിലും ശരീരവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ ഏറ്റവും അധികമായി പുറപ്പെടുവിക്കപ്പെടുന്നത് ഉറങ്ങുന്ന സമയത്താണ്. ഈ ഹോർമോണുകളുടെ പ്രവർത്തനം എന്നുപറയുന്നത് മാംസപേശികളുടെ നിർമാണത്തിനും കോശങ്ങളുടെയും ടിഷ്യുകളുടെയും പുതുക്കിപ്പണിയലിനും ഒരുപോലെ സഹായകമാവുന്നവയാണ്. പ്യുബെർട്ടി കാലഘട്ടത്തിലെ ശരീരവികാസത്തിനും മതിയായ ഉറക്കം തികച്ചും അത്യന്താപേക്ഷിതമാണ്.

കേന്ദ്രനാഡീവ്യൂഹത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ഉറക്കം ഒരു വലിയ പങ്കുവഹിക്കുന്നു. ഒരു വ്യക്തി ഉറക്കത്തിൽ ആയിരിക്കുമ്പോഴാണ് അയാളുടെ തലച്ചോറിലെ തിരക്കേറിയ ന്യൂറോണുകൾക്ക് വിശ്രമം ലഭിക്കുന്നതും അതുവഴി അവയ്ക്കു വേണ്ടിയുള്ള പുതിയ വഴികൾ ( neuronal interconnections) രൂപപ്പെടുകയും ചെയ്യുന്നത്. ഈ പ്രക്രിയ നടക്കുന്നതുമൂലം രാവിലെ ഉണരുമ്പോൾ അവയുടെ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സഹായകമാവുകയും ചെയ്യുന്നു.

Post a Comment

Previous Post Next Post