കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മലയാള സിനിമ 2018 അടുത്ത വര്‍ഷത്തെ ഓസ്കര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി.
കന്നഡ സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നോമിനേഷൻ ലിസ്റ്റില്‍ ഇടം നേടിയാല്‍ മാത്രമേ ചിത്രത്തിന് അവാര്‍ഡിന് അര്‍ഹതയുള്ളൂ.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണി നിരന്ന സിനിമ തിയേറ്ററിലും വലിയ വിജയം നേടിയിരുന്നു.
2018: എവരിവണ്‍ ഈസ് എ ഹീറോ എന്ന സിനിമ 2018 ല്‍ കേരളം നേരിട്ട പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ മനുഷ്യരുടെ അതിജീവന കഥയാണ്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയും പ്രളയകാലത്ത് സ്വയം ഹീറോ ആയിമാറുകയും ചെയ്യുന്ന യുവാവിനെയാണ് ടൊവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ലാല്‍, നരേൻ, കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാവ്യ ഫിലിം കമ്ബനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളിയും പത്മകുമാറും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2018 ബോക്സ് ഓഫീസില്‍ വൻ വിജയമായതിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു.
എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, സംവിധായകൻ ജോഷി ജോസഫ്, സ്റ്റണ്ട് ഡയറക്ടര്‍ എസ് വിജയൻ, നിര്‍മാതാവ് മുകേഷ് മെഹ്ത, ആസാമീസ് സംവിധായകൻ മഞ്ജു ബോറ, കോസ്റ്റ്യൂം ഡിസൈനര്‍ വാസുകി ഭാസ്കര്‍, എഴുത്തുകാരും സംവിധായകരുമായ ആര്‍ മധേഷ്, എം വി രഘു, രാഹുല്‍ ഭോലെ, സിനിമാ ചരിത്രകാരൻ ആശോക് റാണെ എന്നിവരടങ്ങിയ 16 അംഗ ജൂറിയാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി തെരഞ്ഞെടുത്തത്. 22 സിനിമകളാണ് കമ്മിറ്റി കണ്ടത്.
ഛെല്ലോ ഷോ (2022), കൂഴങ്കള്‍ (2021), ജല്ലിക്കെട്ട് (2020), ഗല്ലി ബോയ് (2019), വില്ലേജ് റോക്ക്സ്റ്റാര്‍സ് (2018), ന്യൂട്ടണ്‍ (2017), വിസാരണൈ (2016) എന്നിവയായിരുന്നു മുൻ വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രികള്‍. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഓസ്കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടംനേടാൻ സാധിച്ചിരുന്നില്ല. മദര്‍ ഇന്ത്യ, സലാം ബോംബെ, ലഗാൻ എന്നിവ മാത്രമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്.
2023ലെ ഓസ്‌കാറില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കാര്‍ നേടി. അക്കാദമി വേദിയിലും ഗാനം അവതരിപ്പിച്ചു. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം)ക്കുള്ള പുരസ്കാരവും നേടിയിരുന്നു
Post a Comment