ഇന്ന് തിരുവോണം; ഏവര്‍ക്കും ആലക്കോട് ന്യൂസിൻ്റെ ഓണാശംസകള്‍



ഇന്ന് തിരുവോണം. കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി എന്ന അസുര ചക്രവര്‍ത്തി ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം എന്നാണ് ഐതീഹ്യം.


കേരളം സൃഷ്ടിച്ച പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്‍റെ സ്മരണയായാണ് ഓണം ആഘോഷിക്കുന്നതെന്നും ഒരു വിശ്വാസം ഉണ്ട്. തൃക്കാക്കര ക്ഷേത്രത്തിലെ 28 ദിവസത്തെ ഉത്സവത്തിന്‍റെ സമാപനമാണ് ഓണമായി മാറിയത് എന്നും കരുതുന്നുണ്ട്.


സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. മാലോകരെല്ലാം സമന്മാരായിരുന്ന മഹാബലിയുടെ സുവര്‍ണ്ണ കാലത്തെ ഹൃദയത്തോട് ചേര്‍ത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേല്‍ക്കുന്നത്.


കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓര്‍മ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവെയ്‌ക്കും.


പാടത്തും പറമ്ബിലും സ്വര്‍ണ്ണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാര്‍ഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്‍റെ ഏതറ്റത്തുമുള്ള മലയാളിയ്‌ക്കും ഓണം എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ തന്നെയാണ്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ്‌ തിരുവോണനാളായ ഇന്ന്‌ പൂര്‍ണതയിലെത്തുന്നത്‌.


എല്ലാ മലയാളികള്‍ക്കും ഞങ്ങളുടെ പ്രിയ പ്രേക്ഷകര്‍ക്കും ആലക്കോട് ന്യൂസിൻ്റെ  ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു കൂടാതെ ഈ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.

Post a Comment

Previous Post Next Post