തൃശൂര്‍: എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് കാണാതായ രണ്ടു വിദ്യാര്‍ഥികളെയും കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന് അര്ജുന് (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന് ദില്‍ജിത്ത് (14) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്.
കുട്ടികളെ കാണാതായ വിവരം വെെകുന്നേരത്തോടെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. പോലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തിരച്ചിലാണ് നടത്തിയത്.
അതിനിടെ, വെള്ളിയാഴ്ച രാവിലെ കുട്ടികള്‍ വൈറ്റില ഹബില്‍ നിന്ന് ബസില്‍ കയറിയതായി നിര്‍ണായക വിവരം ലഭിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്കി.
തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. ഇവരെ കണ്ടുകിട്ടിയ ആശ്വാസത്തിലാണ് വീട്ടുകാരും പോലീസും. എന്നാല്‍ എന്തിനാണ് കുട്ടികള്‍ വീടുവിട്ടുപോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

Post a Comment