ലോട്ടറി വില്‍പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും പെൻഷൻകാര്‍ക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.


യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നല്‍കുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡിലെ 38,000 സജീവ അംഗങ്ങള്‍ക്കും 6223 പെൻഷൻകാര്‍ക്കും ഓണം ഉത്സവബത്ത നല്‍കുന്നതിനായി 24.04 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.


ഓണം പ്രമാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍വീസ് പെൻഷൻകാര്‍ക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നല്‍കും. 

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട്‌ ടൈം - കണ്ടിൻജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ - സ്കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തും.

Post a Comment

Previous Post Next Post