2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ സ‍ര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.



തിരുവനന്തപുരം: 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ സ‍ര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി.

ശിവൻകുട്ടി. എന്നാല്‍ രണ്ടുമുതല്‍ പത്തുവരേയുള്ള ക്ലാസുകളില്‍ 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണ്. 


ഇതില്‍ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസില്‍ സ‍ര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വര്‍ഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പ്രവേശനം നേടിയത്.


കഴിഞ്ഞ വ‍ര്‍ഷം സ‍ര്‍ക്കാ‍ര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. കഴിഞ്ഞ വ‍ര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് ഈ വ‍ര്‍ഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്ബോള്‍ പുതുതായി 2 മുതല്‍ 10 വരെ 42,059 കുട്ടികള്‍ ഈ വര്‍ഷം വന്നതായി കാണാം. 


സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളില്‍ 2022-23-ല്‍ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. കുട്ടികളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച്‌ ഈ വര്‍ഷത്തെ തസ്തിക നിര്‍‍ണയ പ്രവ‍ര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.


കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുൻവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്ബോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം,എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 56% (20,96,846) പേര്‍ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണെന്ന് വാര്‍ത്താ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.



Post a Comment

Previous Post Next Post