കണ്ണൂര്‍: മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, കാണാതായ പതിനഞ്ചുകാരനെ ഒടുവില്‍ കണ്ടെത്തി.
കണ്ണൂര്‍ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെ ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മാസം 17ന് ആണ് ഷസിനെ കാണാതായത്. കുട്ടിയെ കാണാതായത് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. മുടി വെട്ടാൻ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
വാര്‍ത്ത കണ്ട് തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്‍റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഇപ്പോള്‍ ഒരു ബന്ധുവിനൊപ്പം ഷസിന്‍ ബംഗളൂരുവിലുണ്ട്. ഇന്ന് തന്നെ കണ്ണൂരിലേക്ക് വരും. മറ്റ് വിവരങ്ങള്‍ ഇവിടെ എത്തിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷെസിനെ കണ്ടെത്തിയത് മജസ്റ്റിക് ബസ് സ്റ്റാൻഡില്‍ വച്ചാണ് കണ്ടത്. ഇവര്‍ കണ്ണൂര്‍ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂര്‍ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.
ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഷസിൻ. എന്നാല്‍ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടു. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസിൻ പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്ബും കിട്ടിയിട്ടില്ലായിരുന്നു. ഷസിൻ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.
സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.. വീട്ടില്‍ നിന്ന് ഇറങ്ങിയ ഷസിന്‍ സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി. കുട്ടി കാണാതായ അന്നുമുതല്‍ കണ്ണീരോടെയാണ് ഈ കുടുംബം കാത്തിരുന്നത്. ഒടുവില്‍ കാത്തിരിപ്പ് സഫലമായതിന്‍റെ ആശ്വാസക്കണ്ണീരിലാണ് കുടുംബം.

Post a Comment