ഉമ്മന്‍‌ചാണ്ടി അവസാനമായി ജന്മനാട്ടിലേക്ക്; പുതുപ്പള്ളിയിലേക്ക് വിലാപയാത്ര

 


അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം അല്പസമയത്തിനകം പുതുപ്പള്ളിയിലേക് കൊണ്ടുപോകും. വിലാപയാത്രയായിട്ടാകും കൊണ്ടുപോകുക.

വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തില്‍ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയും കടത്തിവിടും. വിലാപയാത്ര ജില്ലാ അതിര്‍ത്തിയായ ഏനാത്ത് എത്തുമ്ബോള്‍ മുതല്‍ നഗരത്തില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കെഎസ്‌ആര്‍ടിസി ജംഗ്ഷനില്‍ മൃതദേഹം 15 മിനിറ്റോളം നേരം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. ഏകദേശം ഒരു മണിയോടെ വിലാപയാത്ര എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്നും ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു.

ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ഏറെ പണിപ്പെട്ടാണ് ആംബുലൻസില്‍ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്.


ജൂലൈ 20ന് പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.

Post a Comment

Previous Post Next Post