തേര്‍ത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി നിലച്ചു



തേര്‍ത്തല്ലി: തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ തേടിയെത്തുന്നവര്‍ ബുദ്ധിമുട്ടില്‍.

നൂറുകണക്കിന് പേര്‍ ചികിത്സാവശ്യത്തിന് സമീപിക്കുന്ന ഇവിടെ ഉച്ചകഴിഞ്ഞാല്‍ ഡോക്‌ടര്‍മാരില്ല. ഇതോടെ സായാഹ്ന ഒപിയുടെ പ്രവര്‍ത്തനം നിലച്ചു.


നിലവില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. അതുപോലെ ആറ് ജൂണിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടുപേര്‍മാത്രമാണ് ഉള്ളത്. ആവശ്യത്തിനു ജീവനക്കാരും ഡോക്‌ടര്‍മാരും ഇല്ലാത്തതിനാല്‍ സമീപപ്രദേശങ്ങളിലെ പട്ടികവര്‍ഗ -പട്ടികജാതി കോളനികളില്‍നിന്നുള്ള വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് നിലവില്‍ വേണ്ട ചികിത്സ ലഭിക്കുന്നില്ല. 


കുടിയേറ്റ മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രവും ആലക്കോട് പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രവുമാണ് തേര്‍ത്തല്ലി ഗവ. എഫ്‌എച്ച്‌സി. ആലക്കോട്, ചെറുപുഴ പഞ്ചായത്തിലെ കോളനി നിവാസികള്‍ അടക്കമുള്ളവരുടെ ആശ്രയകേന്ദ്രം കൂടിയാണിത്. വൈകുന്നേരം അഞ്ചുവരെയാണ് നേരത്തെ സായാഹ്ന ഒപി പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്‍റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് ഓരോ ദിവസവും ആശുപത്രിയില്‍ എത്തി നിരാശരായി മടങ്ങുന്നത്. മികച്ച പ്രവര്‍ത്തനത്തിന് രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കുടുംബാരോഗ്യ കേന്ദ്രമാണിത്. ഈ കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഇത്തരം ഒരു ശോചനീയ അവസ്ഥ വന്നിരിക്കുന്നത്. 


ഡോക്‌ടര്‍മാരെ നിയമിക്കണം: സിപിഐ


തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജൂണിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരെയും നിയമിക്കണമെന്നും മുൻപ് പ്രവര്‍ത്തിച്ചിരുന്നതുപോലെ കാര്യക്ഷമമായി മുഴുവൻ സമയവും കുടുംബാരോഗ്യകേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാൻ അടിയന്തരമായി ഇടപെടണമെന്നും സിപിഐ തേര്‍ത്തല്ലി ലോക്കല്‍ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടര്‍ന്നാല്‍ ആവശ്യമായ സമരപരിപാടികള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. അനീഷ് പുള്ളിറ്റിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ. ആര്‍. അജി, ഇ.റ്റി രാജീവ്,‌ സതീഷ് ദാമോദരൻ, ഷൈൻ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post