ന്യൂഡൽഹി: സ്റ്റാർ (*) ചിഹ്നത്തോടുകൂടിയ നോട്ടുകൾ നിരോധിച്ചതായുള്ള സമൂഹമാധ്യമ പ്രചാരണം തള്ളി റിസർവ് ബാങ്ക് (ആർബിഐ).
അച്ചടിയിലെ അപാകത കാരണം മാറ്റിയ നോട്ടുകൾക്കു പകരമായി എത്തിയ നോട്ടുകളിലാണു സ്റ്റാർ (*) ചിഹ്നം ഉൾപ്പെടുത്തിയിട്ടുള്ളതെന്നും നന്പർ പാനലിൽ പ്രിഫിക്സിനും സീരിയൽ നന്പറിനുമിടയിൽ സ്റ്റാർ ചിഹ്നം വരുന്നതു നിയമസാധുത ഇല്ലാതാക്കുന്നില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
സ്റ്റാർ ചിഹ്നമുള്ള 500 രൂപ നോട്ടുകളെ സംബന്ധിച്ചുള്ള ആശങ്ക നിലനിൽക്കേയാണ് ആർബിഐയുടെ പ്രതികരണം. നന്പർ പാനലിൽ നക്ഷത്രചിഹ്നമുള്ള കള്ളനോട്ടുകൾ വ്യാപകമാണെന്നായിരുന്നു പ്രചാരണം.
2006 മുതലാണു നക്ഷത്രചിഹ്നം ഉപയോഗിക്കുന്ന രീതി ആർബിഐ സ്വീകരിച്ചത്. അച്ചടിപ്പിഴവുകളുണ്ടാകുന്ന നോട്ടുകൾ പുനരുപയോഗിക്കാനായിട്ടാണു പിഴവ് വന്ന നോട്ടുകളുടെ നന്പർ പാനലിൽ സ്റ്റാർ ചിഹ്നം രേഖപ്പെടുത്തപ്പെട്ടത്. 10, 20, 50 നോട്ടുകളായിരുന്നു തുടക്കത്തിൽ ഈ വിധം പുറത്തിറക്കിയത്. 2016ൽ 500ന്റെ നോട്ടുകളിലും ഈ രീതി സ്വീകരിച്ചു.

Post a Comment