ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതിമാരുടെയും ബന്ധുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി



തിരുവനന്തപുരം: ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാംമുകളിൽ പുത്തൻവീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ അർക്കന്നൂർ കാരാളിക്കോണം കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.



ഇവരുടെ കൂടെ അപകടത്തിൽപ്പെട്ട ബന്ധുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19) ആണ് ദമ്പതിമാരെ കൂടാതെ മരിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് ഇവർ അപകടത്തിൽപ്പെട്ടത്. പുഴകാണാനെത്തിയ ദമ്പതിമാരും ബന്ധുവും ഇത്തിക്കരയാറിൽ പള്ളിക്കൽ താഴേഭാഗം കടവിലാണ് വീണത്. തിരച്ചിലിനിടെ അൻസൽ ഖാനെ ശനിയാഴ്ച തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായിരുന്നില്ല.

അൻസൽഖാന്റെ വീട്ടിൽ വിരുന്നിനെത്തിയ ദമ്പതിമാർ വൈകീട്ട് നാലുമണിയോടെയാണ് പുഴകാണാനും ഫോട്ടോ എടുക്കാനുമായി കടവിലെത്തിയത്. അഞ്ചരയോടെ ഈ ഭാഗത്ത് വലയിടാനെത്തിയ പ്രദേശവാസി പുഴവക്കിൽ ചെരിപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയംതോന്നിയ ഇയാൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഏഴരയോടെ അൻസൽഖാനെ പുഴയിൽനിന്നു പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 16-നാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം കഴിഞ്ഞത്.

അപകടമുണ്ടായ താഴെ ഭാഗം കടവ് പതിവ് അപകട മേഖലയാണ്. ഇവിടത്തെ കയത്തിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വൈകുന്നേരം ആറ്റിൽ വലയിടാനെത്തിയ പ്രദേശവാസി കരയിൽക്കണ്ട ഇരുചക്രവാഹനങ്ങളും ചെരിപ്പുകളുമാണ് അപകടമുണ്ടായെന്ന സംശയത്തിലേക്കെത്തിച്ചത്.ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്കു വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാവാം മറ്റുള്ളവരും വീണതെന്ന് കരുതുന്നു.

Post a Comment

Previous Post Next Post