കണ്ണൂര്‍ ജില്ലയില്‍ ഭീതി പടര്‍ത്തിയശേഷം കാസര്‍കോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതന്‍ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി



ചെറുപുഴ : തുടര്‍ച്ചയായ അഞ്ച് ദിവസം കണ്ണൂര്‍ ജില്ലയില്‍ ഭീതി പടര്‍ത്തിയശേഷം കാസര്‍കോട് ജില്ലയിലേയ്ക്ക് പോയ അജ്ഞാതൻ ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി.


പ്രാപ്പൊയില്‍ ഈസ്റ്റിലാണ് ഇത്തവണ അജ്ഞാതൻ മുദ്ര പതിപ്പിച്ചത്. നേരത്തെ കരിയില്‍ മുക്കി കൈപ്പത്തി പതിപ്പിക്കുകയായിരുന്നെങ്കില്‍ ഇത്തവണ കരികൊണ്ടുള്ള എഴുത്താണ് വ്യാപകമായി നടത്തിയിട്ടുള്ളത്.


ചെറുപുഴ-തിരുമേനി റോഡില്‍ പ്രാപ്പൊയില്‍ ഈസ്റ്റിലെ മുൻ പഞ്ചായത്തംഗം കെ. രാജന്റെ വീടിന്റെ മുൻവശത്തെ ഭിത്തിയുടെ രണ്ട് വശത്തും ബ്ലാക്ക്മാൻ എന്ന് എഴുതി ചിത്രങ്ങള്‍ കരികൊണ്ട് വരച്ചിട്ടുണ്ട്. പുറംതിരിഞ്ഞ് നില്‍ക്കുന്ന ആളുടെ വളരെ ലളിതമായ രേഖാചിത്രവും അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മറ്റൊരു മനുഷ്യന്റെ ചിത്രവും വരച്ചിട്ടുണ്ട്. ക, ത, റ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് വളരെ ഭംഗിയായി ചിത്രം വരച്ചിട്ടുള്ളത്. പ്രൈമറി ക്ലാസുകളില്‍ ഇത്തരം അക്ഷര ചിത്രങ്ങള്‍ സാധാരണയായി വരയ്ക്കാറുണ്ട്.


ആയുര്‍വേദ ആസ്പത്രി റോഡ് തിരിയുന്നിടത്തെ വെളിയത്ത് ഏലിയാമ്മയുടെ ആളൊഴിഞ്ഞ വീട്, വെളിയത്ത് ബിൻസി തോമസിന്റെ കട, പോലീസ് ഓഫീസര്‍ പുളിന്താനത്ത് ജയിസന്റെ മതില്‍, കെ. ദേവിയുടെ കട, പാലയ്ക്കാമണ്ണില്‍ ജ്യോത്സനയുടെ വീട്, ഇടക്കര ഇ.ജെ. ജോണിയുടെ വീട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം എഴുത്തോ ചിത്രമോ ഉണ്ട്.


എന്നാല്‍ ഇത്തവണ കതകിലടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷൻ അതിര്‍ത്തിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം തുടങ്ങിയിട്ട്‌ ഒരുമാസം കഴിഞ്ഞു. വാതിലും ജനലിലും ഇടിച്ച്‌ ശബ്ദമുണ്ടാക്കുക, തുണികള്‍ മടക്കിവെയ്ക്കുക, കുടകള്‍ നശിപ്പിക്കുക, പാത്രങ്ങള്‍ തള്ളിയിടുക തുടങ്ങിയവയാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. നാട്ടുകാരും പോലീസും വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും അജ്ഞാതനെക്കുറിച്ച്‌ കാര്യമായ ഒരു വിവരവുമില്ല.



Post a Comment

Previous Post Next Post