ദേശീയപാതയില്‍ വന്‍ഭീഷണി: വീരമലക്കുനന്നിൽ വീണ്ടും ഇടിഞ്ഞുതുടങ്ങി

 

ചെറുവത്തൂര്‍: മൂന്നു ദിവസമായി നിര്‍ത്താതെ പെയ്യുന്ന ചെറുവത്തൂര്‍ ദേശീയപാതയോരത്തെ വീരമലക്കുന്ന് ഇടിഞ്ഞു.


ദേശീയപാത വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തി ഏറെ ഉയരത്തില്‍ നിന്ന് കല്ലുംമണ്ണും ഏതുസമയത്തും റോഡിലേക്ക് ഒഴുകിയെത്താമെന്ന സ്ഥിതിയിലാണ് കുന്ന് ഉള്ളത്. ഇന്നലെ രാവിലെ ആറുമണി മുതല്‍ തുടങ്ങിയ മണ്ണിടിച്ചല്‍ രാത്രി വൈകിയും തുടരുകയാണ്.


ദേശീയപാതയുടെ നിര്‍മ്മാണം നടന്നുവരുന്നതിനിടയിലാണ് കുന്നിടിഞ്ഞു തുടങ്ങിയത്. ദേശീയപാതയിലേക്ക് വീഴുന്ന മണ്ണും കല്ലും മേഘ കണ്‍സ്ട്രക്ഷൻ കമ്ബനിയുടെ തൊഴിലാളികള്‍ ജെ.സി.ബി ഉപയോഗിച്ച്‌ മാറ്റിവരികയാണ്. കുന്നില്‍ നിന്ന് വരുന്ന മണ്ണും കല്ലും ചെളിയും ഹൈവേയും കടന്ന് പടിഞ്ഞാറു ഭാഗത്തുള്ള കൃഷിയിടത്തിലേക്കാണ് ഒഴുകിയെത്തുന്നത്.


വീരമല കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളത്തോടൊപ്പം മണ്ണും പാറക്കഷണങ്ങളും വലിയ ഉരുളൻ കല്ലും ദേശീയ പാതയിലേക്കാണ് പതിക്കുന്നത്. ഓരോ നിമിഷം കഴിയുന്തോറും മണ്ണിടിച്ചല്‍ ശക്തമായിട്ടുണ്ട്. രാത്രി സമയങ്ങളില്‍ മഴ കനത്താല്‍ മണ്ണ് പൂര്‍ണമായും ദേശീയപാതയിലേക്ക് പതിക്കുമെന്ന സ്ഥിതിയാണ്.


വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാകളക്ടര്‍ കെ.ഇമ്ബശേഖര്‍, എം.രാജഗോപാലൻ എം.എല്‍ എ എന്നിവര്‍ ഇന്നലെ വൈകുന്നേരം നാലര മണിയോടെ സ്ഥലത്തെത്തി. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ഹൊസ്‌ദുര്‍ഗ് തഹസില്‍ദാര്‍ എൻ. മണിരാജ്, ചന്തേര ഇൻസ്‌പെക്ടര്‍ ബിനുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മണ്ണിടിച്ചല്‍ നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ കളക്ടര്‍ കരാറുകാരുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ദുരന്ത സാദ്ധ്യത കണക്കിലെടുത്ത് അതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കി.


ദേശീയപാതയിലെ യാത്രയ്ക്ക് കടുത്ത ഭീഷണി


ഇടിയുന്നത് വിനോദസഞ്ചാരമേഖല


ദേശീയപാതക്ക് മുകളില്‍ ഭാവിയിലും ഭീഷണി


ഇല്ലാതാകുന്നത് പ്രദേശവാസികളുടെ പ്രധാന കുടിവെള്ള സ്രോതസ്


കുന്നിൻമുകളിലെ ശ്മശാനത്തോടനുബന്ധ കെട്ടിടം നിലംപൊത്താൻ സാദ്ധ്യത.

Post a Comment

Previous Post Next Post