നടുവില്‍: മൂവായിരം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പുല്‍മേടുമായി പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ നടുവില്‍ ഗ്രാമപഞ്ചായത്തിലെ കുട്ടിപ്പുല്ലില്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ റിസോര്‍ട്ടും പാര്‍ക്കും സ്ഥാപിക്കും.
പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയില്‍പെടുത്തിയാണ് ഇവ ഒരുക്കുന്നത്.
ഈ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുട്ടിപ്പുല്ല് പാര്‍ക്ക് പദ്ധതി ഒരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്ത് ഒരുക്കുന്ന പാര്‍ക്കിനും റിസോര്‍ട്ടിനുമായി ടൂറിസം വകുപ്പ് 49.80 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 33.20 ലക്ഷം രൂപയും ചിലവിടും. ആകെ 83 ലക്ഷം രൂപയ്ക്കാണ് ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കിയത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.
ഡെസ്റ്റിനേഷൻ ചാലഞ്ചിലൂടെ ജില്ലയില്‍ ആദ്യപദ്ധതി
ജില്ലയില്‍ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടാണ് കുട്ടിപ്പുല്ല് പാര്‍ക്ക് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ പാര്‍ക്കും സഞ്ചാരികളുടെ താമസസൗകര്യത്തിനായി രണ്ട് കോട്ടേജുകളും വിശ്രമമുറിയുമാണ് ഒരുക്കും. കൂടാതെ പാര്‍ക്കിംഗ് ഏരിയ, സ്വിമ്മിംഗ് പൂള്‍, മിനി ആംഫി തിയറ്റര്‍, റെസ്‌റ്റോറന്റ്, റിസപ്ഷൻ ഏരിയ തുടങ്ങിയവയുടെ പണിയും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ മൂന്ന് കോട്ടേജുകള്‍, ജിം, മിനി ബാഡ്മിന്റണ്‍ കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വൈഫൈ സോണ്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കും.റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര ലൈറ്റുകള്‍, പാര്‍ക്കിനായുള്ള കെട്ടിടനിര്‍മ്മാണം എന്നിവയുമുണ്ടാകും. ഓഫീസ്, റെസ്റ്റോറന്റ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ടോയ്ലറ്റ് എന്നിവയും ഒരുക്കും.
പ്രകൃതിരമണീയം
കോടമഞ്ഞ് പുതച്ചും പച്ച വിരിച്ചും കുട്ടിപ്പുല്ല് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പൈതല്‍മലയ്ക്കും പാലക്കയംതട്ടിനും ഇടയിലായിട്ടാണ് കുട്ടിപ്പുല്ല്. പൈതല്‍ മലയുടെ പടിഞ്ഞാറൻ ചെരിവ് കയ്യെത്തും ദൂരത്തില്‍ കുട്ടിപ്പുല്ലില്‍ നിന്നും കാണാം.കുടിയാന്മല പാത്തൻപാറ മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്ക് എത്തിച്ചേരാം. കരുവൻചാല്‍ പാത്തൻപാറ വഴിയും കുടിയാന്മല റോഡില്‍ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താലും ഇവിടെ എത്താം.
ഡെസ്റ്റിനേഷൻ ചാലഞ്ച്
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്നതാണ് ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് ഒരുക്കുന്നത്.

Post a Comment