കണ്ണൂര്‍: പുതുതായി സ്വകാര്യ ബസ് റൂട്ടുകള്‍ക്കുള്ള പെര്‍മിറ്റ് നേടി അത് മറിച്ച് വില്‍ക്കുന്ന ലോബി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍.
ജില്ലാ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ആര്‍ ടി എ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പെര്‍മിറ്റ് നേടി അത് വന്‍ വിലക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. കൂടുതല്‍ സര്‍വ്വീസുകളുള്ള റൂട്ടുകളില്‍ പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടാകും.മത്സരയോട്ടവും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനം. കൂടുതല്‍ സര്‍വ്വീസ് അനുവദിച്ച് ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലയിലെയും യാത്രാക്ലേശം പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഉള്‍പ്രദേശങ്ങളിലേക്കുള്ള പെര്‍മിറ്റ് ഉപയോഗിച്ച് ഹൈവേയിലൂടെ മാത്രം സര്‍വ്വീസ് നടത്തുന്ന ബസുകളെ പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത പറഞ്ഞു.
ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, ടൈമിങ്ങ്, പെര്‍മിറ്റ് ട്രാന്‍സ്ഫര്‍, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ 190 പരാതികളും അപേക്ഷകളുമാണ് പരിഗണിച്ചത്.
കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ്, ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍, ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടന പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
.jpeg)
Post a Comment