ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; യുകെയില്‍ ശ്രീകണ്ഠപുരം സ്വദേശിയായ ഭർത്താവിനെ 40 വര്‍ഷം തടവ് വിധിച്ചു

 


യുകെയിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സായ അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതി ഷാജുവിന് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി 40 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

നല്‍കാനാവുന്ന പരമാവധി ശിക്ഷയാണ് പ്രതിക്ക് നല്‍കിയിരിക്കുന്നത്. 


2022 ഡിസംബര്‍ ഒമ്ബതിനായിരുന്നു കണ്ണൂര്‍ ശ്രീകണ്ഠാപുരം പടിയൂര്‍ സ്വദേശിയായ ചേലവേലില്‍ ഷാജു(52) ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊലപ്പെടുത്തിയത്. അന്നുതന്നെ അറസ്റ്റിലായ ഷാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. 


നേരത്തെ സാജുവിന്റെ പേരില്‍ മറ്റു കേസുകള്‍ ഇല്ലാത്തതിനാല്‍ കൊലപാതകമാണെങ്കിലും ജാമ്യം കിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച്‌ കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിച്ചിരുന്നില്ല. 


ഇത്‌ ആദ്യമായാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കേസില്‍ മലയാളിയായ ഒരാള്‍ യുകെയില്‍ ശിക്ഷിക്കപ്പെടുന്നത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്ന കേസില്‍ പരമാവധി ശിക്ഷ തന്നെ നല്‍കുന്ന രീതിയാണ് ഈ കേസിലും പിന്തുടര്‍ന്നിരിക്കുന്നത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടലവുശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേര്‍ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിച്ചു. 42 വയസ്സുള്ളപ്പോള്‍ വിവാഹിതനായ പ്രതിക്ക് തന്നേക്കാള്‍ 15 വയസ്സോളം പ്രായം കുറവുള്ള ഭാര്യയെ സംശയം ഉണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമര്‍ഥിക്കാനാണ് വിചാരണസമയത്ത് പ്രതി ശ്രമിച്ചത്. 


പ്രതിക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയില്‍ ഹാജരായിരുന്നു. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടില്‍ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകള്‍ വഹിക്കുന്ന ഏകമകൻ എന്ന നിലയില്‍ കുറഞ്ഞശിക്ഷ നല്‍കണമെന്നും മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകൻ അഭ്യര്‍ഥിച്ചത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാല്‍ മാത്രമേ ഷാജുവിന് ഇനി പുറത്തിറങ്ങാനാകൂ. അപ്പോഴേക്കും ഇയാള്‍ക്ക് 92 വയസാകും.

Post a Comment

Previous Post Next Post