കണ്ണൂര്‍: ജില്ലയില്‍ ഏഴ് സ്ഥലങ്ങളില്‍ കൂടി തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രങ്ങള്‍ തുടങ്ങാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
നിലവില്‍ പടിയൂര്‍- കല്ല്യാട് പഞ്ചായത്തിലെ പടിയൂരില്‍ ഒരു എ.ബി.സി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ കൂത്തുപറമ്ബ് ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം നഗരസഭയിലെ നിടിയേങ്ങ, ചെറുതാഴം അല്ലെങ്കില്‍ കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത്, എരമം -കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത്, തലശ്ശേരിയിലെ കോപ്പാലം എന്നിവിടങ്ങളില്‍ കൂടി എ.ബി.സി കേന്ദ്രം ആരംഭിക്കാനാണ് യോഗത്തില്‍ ധാരണയായത്.
ഇവിടങ്ങളില്‍ പഞ്ചായത്തിന്റെയോ റവന്യൂ വകുപ്പിന്റെയോ ഭൂമി ലഭ്യമാണെന്ന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാര്‍ അറിയിച്ചു. റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സംഘം സ്ഥല പരിശോധന നടത്തി സാദ്ധ്യതാപഠനം നടത്തും. ഭൂമി ലഭ്യത അന്തിമമായാല്‍ പദ്ധതി ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ഡി.പി.സി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. ഇതില്‍ തലശ്ശേരി കോപ്പാലത്ത് മുമ്ബ് പ്രവര്‍ത്തിച്ചിരുന്ന എ.ബി.സി കേന്ദ്രം നാട്ടുകാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തിയതാണ്. ടൂറിസം കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ക്ക് സമീപവും തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
കണ്ണൂര്‍ നഗരത്തില്‍ ആധുനിക അറവുശാല നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായി ഒറ്റക്കെട്ടായി മന്നോട്ടുപോവണമെന്ന് മേയര്‍ അഡ്വ. ടി.ഒ മോഹനൻ പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നല്‍കാൻ വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച നിഹാലിന് അനുശോചനം രേഖപ്പെടുത്തി.
ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, കോര്‍പറേഷൻ മേയര്‍ അഡ്വ. ടി.ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, അസി. കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
എ.ബി.സി പദ്ധതിക്കായി തുക
വകയിരുത്താത്തവര്‍
ഇരിക്കൂര്‍, പേരാവൂര്‍, കല്ല്യാശ്ശേരി, പാനൂര്‍, തളിപ്പറമ്ബ്, കണ്ണൂര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍, തളിപ്പറമ്ബ് നഗരസഭ, പെരളശ്ശേരി, കൊളച്ചേരി, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, കണ്ണപുരം, പട്ടുവം, ചപ്പാരപ്പടവ്, കീഴല്ലൂര്‍, തില്ലങ്കേരി, രാമന്തളി, എരമം കുറ്റൂര്‍, കോട്ടയം, തൃപ്രങ്ങോട്ടൂര്‍, പാട്യം, അഞ്ചരക്കണ്ടി, ധര്‍മ്മടം, വേങ്ങാട് ഗ്രാമപഞ്ചായത്തുകള്‍.
Post a Comment