കരുവഞ്ചാൽ:കരുവഞ്ചാൽ പുഴയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കരുവഞ്ചാൽ മീമ്പറ്റി മണാട്ടി പുഴ സംരക്ഷണ സമിതി കൺവീനർ കെ.സി. ലക്ഷ്മണൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.
നടുവിൽ പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഒന്നായ കരുവഞ്ചാൽ ടൗണിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കരുവഞ്ചാൽ ടൗണിലെ പുഴയിലേക്കാണു വലിച്ചെറിയുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം പുഴയിലേക്കു വലിച്ചെറിയുന്നുണ്ട്.
ഇതിനെതിരെ പുഴ സംരക്ഷണ പ്രവർത്തകർ പൊലൂഷൻ കൺട്രോൾ ബോർഡിനു പരാതി നൽകിയിരുന്നു. ഇതുപ്രകാരം 10 ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊലൂഷൻ കൺട്രോൾ ബോർഡ് നടുവിൽ പഞ്ചായത്തിന് രേഖാമൂലം കത്തയച്ചിരുന്നു.
എന്നാൽ ഒരുമാസം കഴിഞ്ഞിട്ടും പുഴയിലേക്ക് എറിയുന്ന മാലിന്യങ്ങൾക്ക് കുറവൊന്നും വന്നിട്ടില്ല. പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പുഴ സംരക്ഷണ പ്രവർത്തകർ പറയുന്നു. തുടർന്നാണ് പുഴ സംരക്ഷണത്തിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടർക്ക് ഇന്നലെ പരാതി നൽകിയിരിക്കുന്നത്.

Post a Comment