കേരളത്തില്‍ പാല്‍ വില്‍ക്കാന്‍ നന്ദിനി; എതിര്‍പ്പ് ശക്തമാക്കി മില്‍മ



കണ്ണൂർ : അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പനയെ ചൊല്ലി നന്ദിനി-മില്‍മ തര്‍ക്കം രൂക്ഷമാവുന്നു. കര്‍ണാടക ബ്രാൻഡായ നന്ദിനി കേരളത്തില്‍ പാല്‍വില്‍പനക്ക് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിനെതിരെ മില്‍മ എതിര്‍പ്പ് ശക്തമാക്കി.


കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും ഔട്ട്ലെറ്റുകള്‍ തുറന്ന നന്ദിനി, കൂടുതല്‍ ഇടങ്ങളിലേക്ക് പാല്‍വില്‍പന വ്യാപിപ്പിക്കാൻ നീക്കമാരംഭിച്ചതോടെയാണിത്.


രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമനായ ഗുജറാത്ത് ബ്രാൻഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയില്‍ രാഷ്ട്രീയ വിവാദമായി വളരുന്നതിനിടെയാണ് കേരളത്തില്‍, രണ്ട് സഹകരണ ഫെഡറേഷനുകള്‍ തമ്മില്‍ കൊമ്ബുകോര്‍ക്കുന്നത്. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാൻഡില്‍ വില്‍ക്കുന്നത്. 


കേരളത്തില്‍ പാല്‍ വില്‍ക്കാനുള്ള നന്ദിനിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മില്‍മ രംഗത്തുവന്നു. സഹകരണ തത്ത്വങ്ങള്‍ക്കും അടിസ്ഥാന മൂല്യങ്ങള്‍ക്കും എതിരാണ് നന്ദിനിയുടെ നടപടിയെന്ന് മില്‍മ ചെയര്‍മാൻ കെ.എസ്. മണി 'മാധ്യമ'ത്തോട് പറഞ്ഞു. പാല്‍ ഒഴികെയുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നതിന് മില്‍മ എതിരല്ല. ക്ഷീരകര്‍ഷകര്‍ക്ക് ദോഷകരമായ നീക്കത്തില്‍നിന്ന് നന്ദിനി പിന്മാറണമെന്നും മില്‍മ ചെയര്‍മാൻ ആവശ്യപ്പെട്ടു. പാലുല്‍പാദനം കുറവുള്ള സമയങ്ങളില്‍ രണ്ട് ലക്ഷം ലിറ്റര്‍ വരെ പാല്‍ നന്ദിനിയില്‍നിന്ന് മില്‍മ വാങ്ങുന്നുണ്ട്. സീസണില്‍ നന്ദിനിയുടെ സഹായത്തോടെയാണ് മില്‍മ പാല്‍ വിപണനം ഉറപ്പുവരുത്തുന്നത് എന്നിരിക്കെ, മില്‍മയുടെ പ്രവര്‍ത്തനമേഖലയിലേക്ക് നന്ദിനി പ്രവേശിക്കുന്നത് പരസ്പരധാരണയുടെ ലംഘനമാണെന്നും മില്‍മ ചെയര്‍മാൻ ചൂണ്ടിക്കാട്ടുന്നു. 


പ്രതിദിനം 81 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന നന്ദിനി, വിവിധ പേരുകളിലായി അറുപതിലധികം പാലുല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. ഫ്രാഞ്ചൈസികള്‍ വഴി കേരള വിപണിയില്‍ ഇടപെട്ടു തുടങ്ങിയ നന്ദിനിക്ക് ഭാവിയിയില്‍ നേരിട്ട് പാല്‍ വിപണനം നടത്താനും പദ്ധതിയുണ്ട്.

Post a Comment

Previous Post Next Post