ബംഗളൂരു: അമ്മയെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി മകൾ. ബംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാർട്ട്മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം. തിങ്കളാഴ്ച അർധരാത്രിയോടെ കൊല നടത്തിയ യുവതി മൃതദേഹം ട്രോളി ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പശ്ചിമബംഗാൾ സ്വദേശിയായ സോനാലി സെൻ ആണ് കൊടുംക്രൂരത നടത്തിയത്. 70 വയസുകാരിയായ ബിവാ പോൾ ആണ് മരിച്ചത്. അമ്മയും ഭർതൃമാതാവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ബഹളം സഹിക്കാൻ വയ്യാതെയാണ് കൊല നടത്തിയതെന്നും സോനാലി മൊഴി നൽകി.
ബംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു സോനാലി. അമ്മയ്ക്കും ഭർത്താവിനും ഓട്ടിസം ബാധിച്ച മകനും ഭർതൃമാതാവിനും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്.
തിങ്കളാഴ്ചയും അമ്മയും ഭർതൃമാതാവും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ അമ്മ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കേട്ട് ക്ഷുഭിതയായ താൻ അമ്മയ്ക്ക് ഉറക്കഗുളിക നൽകിയശേഷം ഷോൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സോനാലി പോലീസിനോട് പറഞ്ഞു.
അമ്മയുടെ മൃതദേഹത്തോടൊപ്പം ട്രോളി ബാഗിൽ പിതാവിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കൂടി വച്ചാണ് പോലീസിൽ ഇവർ കീഴടങ്ങിയത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും സോനാലി മൊഴി നൽകി.

Post a Comment