ലക്നോ: ഉഷ്ണതരംഗം മൂലം ഉത്തർ പ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 96 പേർ മരിച്ചെന്ന് റിപ്പോർട്ട്.
യുപിയിലെ ബാല്ലിയ ജില്ലയിൽ മാത്രം കടുത്ത ചൂടിനെത്തുടർന്ന് 54 പേർ മരിച്ചെന്ന് വിദഗ്ധർ അറിയിച്ചു. മുന്നൂറോളം പേർ ഉഷ്ണതരംഗം മൂലമുള്ള അസ്വസ്ഥതകൾക്കായി ബാല്ലിയ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ഡിഎംഒ അറിയിച്ചു.
എന്നാൽ മരണസംഖ്യയെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഇദ്ദേഹം നൽകിയില്ല. മരിച്ചവരിൽ ഭൂരിഭാഗം പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
43 ഡിഗ്രി സെൽഷ്യസ് ചൂടാണ് ബാല്ലിയ ജില്ലയിൽ ഇന്ന് പകൽ രേഖപ്പെടുത്തിയത്. ജൂൺ 19 വരെ യുപിയിലെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.
കിഴക്കൻ ബിഹാറിൽ രണ്ട് ദിവസത്തിനിടെ 42 പേരാണ് കടുത്ത ചൂട് മൂലം മരിച്ചത്. പനിയും ഛർദിയും ബാധിച്ച നിരവധി പേരാണ് ആശുപത്രികളിൽ ദിവസവും ചികിത്സ തേടുന്നത്. 44 ഡിഗ്രി സെൽഷ്യസാണ് പാറ്റ്നയിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ശരാശരി താപനില.
Post a Comment