പരിയാരം വായാട് തെരുവു നായ്ക്കളുടെ അക്രമത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു

 


തളിപ്പറമ്പ്: പരിയാരം പഞ്ചായത്തിലെ വായാട് തെരുവു നായ്ക്കളുടെ അക്രമത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ ദിവസം വയോധികയെ നായ ആക്രമിച്ച സ്ഥലത്തു വച്ചും ഒരാളെയും പാച്ചേനിയില്‍ രണ്ടു പേര്‍ക്കു നേരെയുമാണ് അക്രമമുണ്ടായത്. പരിയാരം പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്.


വായാടെ രവീന്ദ്രന്റെ ഭാര്യ പരിയാരം വീട്ടില്‍ പ്രസന്നയെ തെരുവുനായ കടിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. വീടിന് സമീപത്തെ തെങ്ങിൻ തോട്ടത്തില്‍ വെച്ചാണ് കടിയേറ്റത്. പറിച്ചിട്ട തേങ്ങ പെറുക്കുന്നതിനിടെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ഇവര്‍ക്ക് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.


നാട്ടുകാര്‍ ഭീതിയില്‍ കഴിയുന്നതിനിടയില്‍ ഉച്ചയോടെയാണ് കഴിഞ്ഞ ദിവസം നായ അക്രമിച്ച സ്ഥലത്തിന് സമീപത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന കെ.വി സുഹൈല്‍ (38), പാച്ചേനിയിലെ വര്‍ഷ(32), ഓമന (50) എന്നിവര്‍ക്ക് തെരുവു നായയുടെ കടിയേറ്റത്. ഇവര്‍ക്ക് പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കി. തുടര്‍ച്ചയായി തെരുവുനായ അക്രമം ഉണ്ടായതോടെ സ്ക്കൂള്‍, മദ്റസ വിദ്യാര്‍ഥികളും മറ്റ് നാട്ടുകാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.


ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post