ചെറുപുഴ: സ്വകാര്യബസിൽ നഗ്നതാപ്രദർശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കെതിരേ കേസെടുത്തതായും ഇയാൾ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു
ചെറുപുഴയിൽനിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിലായിരുന്നു പ്രതിയുടെ നഗ്നതാപ്രദർശനം. ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ ഇയാളുടെ വീഡിയോ പകർത്തിയ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസെടുത്തത്.
യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ഉണ്ടായിരുന്നത്. യുവതി ഇരുന്നതിന് എതിർവശത്ത് ഒരു സീറ്റ് പിന്നിൽ വന്നിരുന്ന ഇയാൾ യുവതിയോട് ബസ് പുറപ്പെടുന്ന സമയത്തെപ്പറ്റി ചോദിച്ചശേഷമാണ് നഗ്നതാപ്രദർശനം ആരംഭിച്ചത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാൾ പിൻമാറിയില്ല.
ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. ജീവനക്കാരും യുവതിയും ചേർന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് യുവതി വീഡിയോ സഹിതം ദുരനുഭവം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Post a Comment