കണ്ണൂർ : ബോട്ടുയാത്രക്കാരും ജീവനക്കാരുമാണ് യാത്രയിൽ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതെന്ന് കണ്ണൂർ പോർട്ട് ഓഫീസർ. കപ്പലും ബോട്ടും മറിഞ്ഞാൽ നീന്തൽ അറിഞ്ഞതുകൊണ്ടും ലൈഫ് ഗാർഡുള്ളതുകൊണ്ടും മാത്രം രക്ഷപ്പെടണമില്ല.
അടച്ചിട്ടതായിരിക്കും ബോട്ട്. അതിൽനിന്ന് പുറത്തുവരാൻ ബുദ്ധിമുട്ടാണ്. അതിനാൽ ബോട്ടുകൾ മറിയാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിന് വേണ്ടത് അനുവദനീയമായ യാത്രക്കാരെ മാത്രം കയറ്റുകയും മുകൾത്തട്ടിൽ യാത്രക്കാരെ കയറാൻ അനുവദിക്കാതിരിക്കുകയുമാണ് -പോർട്ട് ഓഫീസർ പ്രദീഷ് നായർ പറഞ്ഞു.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഹൗസ് ബോട്ട് യാത്രയെക്കുറിച്ച് നടന്ന ചർച്ചയിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ബോട്ടുടമകൾ എന്നിവർ പങ്കെടുത്തു. കണ്ണൂരിൽ ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ രൂപവത്കരിക്കണമെന്ന് കണ്ണൂർ എൻജിനിയറിങ് കോളേജിലെ പ്രൊഫ. സൂരജ് നിർദേശിച്ചു.
ബോട്ട് ബുക്കിങ്, ഓപ്പറേഷൻ സംബന്ധമായ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യണമെന്നും ജനങ്ങൾ സുതാര്യമായ അറിവായി പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ബോട്ടുകളിൽ കയറുന്നവരെ മുഴുവൻ ലൈഫ് ജാക്കറ്റ് ധരിപ്പിക്കുമെന്നും ബോട്ടിൽ കയറ്റാവുന്നവരുടെ എണ്ണവും ബോട്ടുടമയുടെ പേരും ഫോൺനമ്പരും പ്രദർശിപ്പിക്കുമെന്നും ബോട്ടുടമയുടെ പ്രതിനിധി പറഞ്ഞു. ബോട്ടുടമകൾക്കും ഓടിക്കുന്നവർക്കും കൃത്യമായ പരിശീലനം നൽകാൻ ഒരു കേന്ദ്രം വേണമെന്ന് അഡ്മിറൽ ഡോ. കെ.മോഹനൻ പറഞ്ഞു

Post a Comment