വന്ദേഭാരതില്‍ ബുക്കിങ് കുറഞ്ഞു; മംഗലാപുരത്തേക്ക് നീട്ടാന്‍ സാധ്യത

 


കാസര്‍കോട്:വന്ദേഭാരതില്‍ ആദ്യം കണ്ട ആവേശം തുടര്‍ന്നില്ലാതായതോടെ ട്രെയിന്‍ കേരളം കടക്കുമെന്ന് സൂചന.

തിരുവനന്തപുരം-കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളാണുള്ളത്.ഇതില്‍


പകുതിയും മെയ് രണ്ടാം വാരത്തോടെ കാലിയായി ഓടേണ്ട ഗതികേടിലാണെന്നതാണ് നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. കര്‍ണാടക ഇലക്ഷന്‍ കഴിയുന്നതോടെ ട്രെയിന്‍ മംഗലാപുരത്തേക്ക് നീട്ടുമെന്നാണ് ലഭിക്കുന്ന വിവരം.


മേയ് രണ്ടാംവാരത്തില്‍ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വന്ദേഭാരതിലെ ബുക്കിങ് കുറവാണ്.കാസര്‍കോട്- തിരുവനന്തപുരം യാത്രക്ക് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് വൈകിട്ടുള്ള മലബാര്‍ എക്സ്പ്രസിനെയാണ്. ട്രിവാന്‍ഡ്രം, മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും സമാനം.യാത്ര തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ തലസ്ഥാന നഗരിയില്‍ എത്തുമെന്നതാണ് ഇതിനു കാരണം.


ഉച്ചക്കുശേഷം രണ്ടരക്ക് കാസര്‍കോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ടുമണിക്കൂര്‍ സമയമെടുത്താണ് തിരുവനന്തപുരത്ത് എത്തുന്നത്.എന്നാല്‍, 14മണിക്കൂര്‍കൊണ്ട് എത്തുന്ന മലബാര്‍ എക്സ്പ്രസിലെ സ്ലീപ്പറില്‍ ഒറ്റ സീറ്റുപോലും ഒഴിവില്ല.എ.സി ക്ലാസുകളിലെ സ്ഥിതിയും ഇങ്ങനെതന്നെ.പകുതിയിലേറെ വന്ദേഭാരത് എക്സ്‌പ്രസിന്റെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കെയാണിത്.


ഉച്ചക്കുശേഷം 3.05ന് കാസര്‍കോട്നിന്ന് പുറപ്പെടുന്ന ട്രിവാന്‍ഡ്രം എക്സ്പ്രസിലും സീറ്റില്ല.ഈ ട്രെയിനുകള്‍ എല്ലാം ആഴ്ചകള്‍ക്കു മുന്‍പേ ബുക്കിങ് ആണ്.ഇനി പകല്‍ യാത്രയാണ് വേണ്ടതെങ്കിലും ഇതര ട്രെയിനുകളിലെ ബുക്കിങ് വന്ദേഭാരതിനില്ല എന്നാണ് ബുക്കിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്.ഇതിനു പ്രധാനകാരണം ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ്. 12.50ന് കാസര്‍കോട്ടെത്തുന്ന രാജധാനിയിലും വന്ദേഭാരതിനേക്കാള്‍ ബുക്കിങ് ഉണ്ടെന്നാണ് കണക്കുകള്‍.വന്ദേഭാരതിലെ സി.സി. ഇ.സി കോച്ചുകളേതിനേക്കാള്‍ രാജധാനിയിലെ കിടക്കാന്‍ കൂടി സൗകര്യമുള്ള എ.സി കോച്ചുകളാണ് ആളുകള്‍ കംഫര്‍ട്ട് ആയി കാണുന്നത്.


ചുരുക്കത്തില്‍, വന്ദേഭാരത് സര്‍വിസീന് മലയാളികളുടെ ഇടയില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നാണ് റയില്‍വേയുടെ വിലയിരുത്തല്‍.അതേസമയം മംഗലാപുരത്തേക്ക് സര്‍വിസ് നീട്ടുക വഴി ബിസിനസ് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമെന്നും റയില്‍വേ കണക്കുകൂട്ടുന്നു.കര്‍ണാടകയിലെ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.


വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ്


ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വളരെ എളുപ്പത്തില്‍ വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.irctc.co.in/nget/train-search എന്ന ലിങ്കില്‍ ആദ്യം നിങ്ങള്‍ക്ക് എവിടെ നിന്നും എവിടേക്കാണ് ഏത് തിയതിയിലാണ് യാത്ര നടത്തേണ്ടതെന്ന് കൊടുക്കുക. അതിനു ശേഷം സേര്‍ച്ച്‌ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റില്‍ ആദ്യം തന്നെ വന്ദേ ഭാരത് എക്സ്പ്രസ് കാണാം.


ട്രിവാന്‍ഡ്രം സെന്‍ട്രല്‍ ടു കാസര്‍കോഡ് ആണ് കൊടുത്തതെങ്കില്‍ KGQ VANDEBHARAT (20634) എന്ന നമ്ബറിലും കാസര്‍കോഡ് ടു ട്രിവാന്‍ഡ്രം സെന്‍ട്രല്‍ TVC VANDEBHARAT (20633) എന്ന നമ്ബറിലും ആദ്യം തന്നെ ട്രെയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ഇനി നിങ്ങള്‍ക്ക് വേണ്ട ക്ലാസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുകയാണ് വേണ്ടത്. എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ടു ക്ലാസുകളാണ് വന്ദേ ഭാരതില്‍ ലഭ്യമായിട്ടുള്ളത്. ഭക്ഷണമടക്കമുള്ള ചാര്‍ജ് ആണ് ഇതില്‍ കാണിക്കുക. നിങ്ങള്‍ക്ക് ഭക്ഷണം ആവശ്യമില്ല എന്നതാണെങ്കില്‍ അത് തിരഞ്ഞെടുത്താല്‍ ഭക്ഷണത്തിന്‍റെ ചാര്‍ജ് കുറയും.

Post a Comment

Previous Post Next Post