'രാഷ്ട്രീയമല്ല അര്‍ഹത തീരുമാനിക്കുന്നത്'; നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പിച്ചു



കണ്ണൂര്‍: ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് വേണ്ടി ലെെഫ് മിഷന്‍ മുഖേന നിര്‍മിച്ച നാല് ഭവന സമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.


ശനിയാഴ്ച കണ്ണൂരിലായിരുന്നു ഉദ്ഘാടനം. കടമ്ബൂര്‍ (കണ്ണൂര്‍), പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂര്‍ (ഇടുക്കി) എന്നീ ഭവന സമുച്ചയങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. നാല് ഭവന സമുച്ചയങ്ങളിലായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്.


തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കടമ്ബൂര്‍ ഫ്ളാറ്റിലെ 44 ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇതേസമയം തന്നെ കൊല്ലം പുനലൂരില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ.ചിഞ്ചുറാണി എന്നിവരും കോട്ടയം വിജയപുരത്ത് വി.എസ് വാസവനും ഇടുക്കി കരിമണ്ണൂരില്‍ റോഷി അഗസ്റ്റിനും ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. 


ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഇതിനകം 3.4 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം അമ്ബതിനായിരത്തിലധികം വീടുകളാണ് പൂര്‍ത്തീകരിച്ചത്. 64,585 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. ബജറ്റില്‍ 1436.26 കോടി രൂപയാണ് ലൈഫിനായി നീക്കിവെച്ചത്. ലൈഫ് മിഷന്‍ വീടുകള്‍ നിര്‍മിക്കാന്‍ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയുടെ ചെറിയൊരു ഭാഗം സര്‍ക്കാറിനെ ഏല്‍പ്പിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല ലൈഫില്‍ വീടിനുള്ള അര്‍ഹത തീരുമാനിക്കുന്നത്. ഇത്തരം കാര്യങ്ങളിലും അനാരോഗ്യകരമായ ചില പ്രവണതകള്‍ ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ സമൂഹത്തിലെ ഭൂരിപക്ഷം പേരും ആരോഗ്യപരമായാണ് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു

Post a Comment

Previous Post Next Post