തെങ്ങിന്റെ കൂമ്പുണങ്ങുന്നു; പ്രതിസന്ധിയിൽ കർഷകർ

 


ചെറുപുഴ : മലയോരത്ത് കർഷകരെ ആശങ്കയിലാക്കി വ്യാപകമായി തെങ്ങിന്റെ കൂമ്പുണങ്ങുന്നു. ചെറുപുഴ, ഈസ്റ്റ് എളേരി, ഉദയഗിരി, ആലക്കോട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് രോഗം കൂടുതലായി കാണുന്നത്. കായ്ഫലമുള്ള വലിയ തെങ്ങുകളെയും ചെറിയ തെങ്ങുകളെയും ഒരുപോലെ ബാധിക്കുകയാണ്. നിരവധി തെങ്ങുകൾ ചെറിയ കാലയളവിനുള്ളിൽ ഇത്തരത്തിൽ നശിച്ചുകഴിഞ്ഞു.


കൂമ്പുചീയലിന്റെ ലക്ഷണങ്ങൾ തെങ്ങുകൾക്കുള്ളതിൽ കർഷകർക്ക് ആശങ്കയുണ്ട്. കടുത്ത മഴക്കാലത്തും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ഉള്ളപ്പോഴുമാണ് കുമിൾ രോഗമായ കൂമ്പുചീയൽ ഉണ്ടാകുന്നത്. വേനൽക്കാലത്ത് ഈ രോഗം എങ്ങനെവരുന്നെന്ന് അറിയില്ല. കൃത്യമായ രോഗനിർണയം നടക്കാത്തതിനാൽ കർഷകർ വിഷമിക്കുകയാണ്. 

രോഗം അറിയാത്തതിനാൽ പ്രതിരോധമാർഗങ്ങളും സ്വീകരിക്കാൻ കഴിയുന്നില്ല. വിലത്തകർച്ചയും മറ്റ് രോഗങ്ങളും കാരണം വലയുന്ന കേരകർഷകർക്ക് ഇരട്ടിദുരിതമാണ് കൂമ്പുണങ്ങൽ നൽകുന്നത്. 

കൂമ്പ് ഉണങ്ങിക്കഴിഞ്ഞാൽ തെങ്ങ് മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ല. രണ്ടുമാസത്തിനുള്ളിലാണ് രോഗം വ്യാപകമായത്. കർഷകർ പല തവണ ബന്ധപ്പെട്ട അധികൃതരെ ബന്ധപ്പെട്ടെങ്കിലും രോഗബാധയുള്ള കൃഷിയിടത്തിൽ ഇതുവരെ സന്ദർശനം നടത്തിയിട്ടില്ല. ഇതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post