ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നിര്‍ത്തലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

 


തിരുവനന്തപുരം: സെപ്റ്റംബര്‍/ഒക്ടോബര്‍ മാസങ്ങളില്‍ നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നിര്‍ത്തലാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.


പകരം ഈ പരീക്ഷ വര്‍ഷാന്ത്യ ഒന്നാം വര്‍ഷ പരീക്ഷക്കൊപ്പം (മാര്‍ച്ചില്‍) നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അനുമതി നല്‍കി. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പരാജയപ്പെടുകയോ മോശം റിസള്‍ട്ട് ലഭിക്കുകയോ ചെയ്യുന്നവര്‍ക്കായാണ് തൊട്ടടുത്ത വാര്‍ഷിക പരീക്ഷക്ക് മുമ്ബായി സെപ്റ്റംബര്‍/ ഒക്ടോബര്‍ മാസത്തില്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നടത്തിയിരുന്നത്. 


വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പഠനം തുടരുന്നതിനിടയില്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷക്ക് ഹാജരാകുന്നത് അധ്യയനം തടസ്സപ്പെടാന്‍ ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിച്ചാണ് നടപടി. പകരം ഈ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ചില്‍ തൊട്ടുപിറകിലുള്ള ബാച്ചിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷക്കൊപ്പം ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷക്ക് അവസരം നല്‍കാനാണ് തീരുമാനം. രണ്ടാം വര്‍ഷ പരീക്ഷഫലം പ്രസിദ്ധീകരിച്ച ശേഷം നടത്തുന്ന സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നേരത്തേ നടത്തുന്നത് പോലെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒന്നാം വര്‍ഷ പരീക്ഷഫലവും അതിന്‍റെ പുനര്‍മൂല്യനിര്‍ണയ ഫലവും പ്രസിദ്ധീകരിച്ച ശേഷമാണ് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷ നടത്തുന്നത്. 


ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി അധ്യാപകര്‍ നിയോഗിക്കപ്പെടുന്നതും അധ്യയനം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇതൊഴിവാക്കാന്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ പരീക്ഷക്കൊപ്പം അവസരം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്തിരുന്നു. അതേസമയം, പരീക്ഷ മാര്‍ച്ചിലേക്ക് മാറ്റുന്നതോടെ പ്ലസ് ടു പരീക്ഷയുടെ പഠനഭാരത്തോടൊപ്പം പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷയുടെ ഭാരവും കൂടിuയുണ്ടാകുമെന്ന ആശങ്കയുമുണ്ട്.



Post a Comment

Previous Post Next Post