ഉളിക്കല്ലില്‍ കാണാതായ പെണ്‍കുട്ടികളെ തലശ്ശേരിയില്‍ വച്ച്‌ പിങ്ക് പോലീസ് കണ്ടെത്തി

 


ഉളിക്കല്‍: ഉളിക്കല്ലില്‍ വച്ച്‌ കഴിഞ്ഞ ദിവസം കാണാതായ രണ്ട് പെണ്‍കുട്ടികളെ ഇന്നലെ തലശ്ശേരിയില്‍ വച്ച്‌ പിങ്ക് പോലീസ് കണ്ടെത്തി.

ഉളിക്കല്ലിലെ നുച്യായാട്, പുതുശേരി സ്വദേശികളായ 16 വയസുകാരികളായ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായത്.


രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് കാണാതായ കുട്ടികളെ രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉളിക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും വിവരം അറിയിച്ചെങ്കിലും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്നത് കൊണ്ട് ലൊക്കേഷന്‍ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞില്ല.


സുഹൃത്തിന്റെ വീട്ടിലും മറ്റു പല സ്ഥലങ്ങളിലും ആയി കറങ്ങി നടന്ന് കുട്ടികള്‍ ബാംഗ്ലൂരുവിലേക്ക് പോകാനുള്ള ശ്രമത്തിനിടയില്‍ ഇവരെ ഇന്നലെ ഉച്ചയോടെ തലശ്ശേരിയില്‍ വെച്ച്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പിങ്ക് പോലീസ് തടഞ്ഞു. നിര്‍ത്തി ചോദ്യം ചെയ്തതില്‍ നിന്നാണ് മാതാപിതാക്കളെ അറിയിക്കാതെ രണ്ടു കുട്ടികളും ടൂര്‍ പോകാന്‍ ഇറങ്ങിയ വിവരം ലഭിച്ചത്.


യാത്രയ്ക്ക് ആവശ്യമായ പണവും വസ്ത്രങ്ങളും ഇവര്‍ കരുതിയിരുന്നു. തുടര്‍ന്ന് ഉളിക്കല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെയും മുന്‍പ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചു വരുത്തി കൗണ്‍സിലിംഗും മറ്റും നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ കുട്ടികളെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.



Post a Comment

Previous Post Next Post