പാണത്തൂര്‍ ബാബു വധം: ഭാര്യയും മകനും അറസ്റ്റില്‍

 


കാഞ്ഞങ്ങാട്: ഭര്‍ത്താവിനെ വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍. പ്രതികളെ ഞായറാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

പാണത്തൂര്‍ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടില്‍ പി.വി. ബാബു (54) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സീമന്തനി (46), മൂത്ത മകന്‍ സബിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.


ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്‍, എസ്.ഐ മനോജ് കുമാറും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സീമന്തനി കഴിഞ്ഞ ദിവസം മുതല്‍ പൊലീസ് നിരീക്ഷണത്തില്‍ പനത്തടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കൈക്ക് മുറിവേറ്റതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ആശുപത്രിയില്‍ നിന്നും സീമന്തനിയെ ഡിസ്ചാര്‍ജ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഭാര്യ മാത്രമാണ് കൊലക്ക് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിനിടയിലാണ് മകന്‍റെ പങ്ക് കൂടി വെളിവായത്. കാസര്‍കോട് കോളജിലെ ബി.എസ്.സി വിദ്യാര്‍ഥിയാണ് സബിന്‍. ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന സബിന്‍ വേനലവധിക്ക് നാട്ടിലെത്തിയതാണ്. ഭാര്യയുമായുള്ള കലഹത്തിനിടയിലാണ് ബാബു വെളളിയാഴ്ച ഉച്ചക്ക് കൊല്ലപ്പെട്ടത്. 


തലക്കും കാലില്‍ ഉള്‍പ്പെടെ പരിക്കേല്‍പ്പിച്ച മൂര്‍ച്ചയേറിയ മുഴുവന്‍ ആയുധങ്ങളും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണന്‍, എസ്.ഐ മനോജ് കുമാറും ശനിയാഴ്ച രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. കൊലക്കുറ്റത്തിന് സീമന്തനിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നീട് മകനെ കൂടി പ്രതി ചേര്‍ക്കുകയായിരുന്നു.

Post a Comment

Previous Post Next Post