സംസ്ഥാനത്തെ ജയിലുകളില്‍ മതപരമായ ക്ലാസുകളും ആരാധനകളും നിരോധിച്ച നടപടി ജയില്‍ വകുപ്പ് പിന്‍വലിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ മതപരമായ ക്ലാസുകളും ആരാധനകളും നിരോധിച്ച നടപടി ജയില്‍ വകുപ്പ് പിന്‍വലിച്ചു.

വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജയില്‍ വകുപ്പിന്റെ പിന്‍മാറ്റം. ജയിലുകളില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുകയാണ് വേണ്ടതെന്നും ജയില്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുന്നെ അനുമതി തേടിയിട്ടും വിശുദ്ധ വാരത്തിലെ കുര്‍ബാനയടക്കം നടത്താന്‍ കഴിയാതെ വന്നതോടെയാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്.


നിശ്ചിത കാലത്തേക്ക് ജയില്‍ വകുപ്പ് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങി ജയിലില്‍ വിവിധ മതസംഘടനകള്‍ പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിരുന്നു. മതപരമായ വിശേഷ ദിവസങ്ങളിലാണ് താല്‍പര്യമുള്ള തടവുകാരെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അനുമതിയുടെ കാലാവധി തീരുന്നതനുസരിച്ച് പ്രവര്‍ത്തനം നിര്‍ത്തണമെന്നായിരുന്നു ജയില്‍ വകുപ്പ് ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സൂപ്രണ്ടുമാര്‍ക്ക് നല്‍കിയ നിര്‍ദേശം.


പകരം മോട്ടിവേഷന്‍ ക്ലാസുകള്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാമെന്നും നിര്‍ദേശിച്ചു.

വിശുദ്ധവാരത്തിലെ പ്രാര്‍ഥനകള്‍ക്കായി സംഘടനകള്‍ ജയില്‍ വകുപ്പിനെ സമീപിച്ചപ്പോഴാണ് അനുമതിയില്ലെന്ന വിവരം ലഭിക്കുന്നത്. വിവാദങ്ങളുയര്‍ന്നതോടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.


 ആത്മീയ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും തടവുകാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കാനാണ് നിര്‍ദേശിച്ചതെന്നും വിശദീകരിച്ച് ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി. മതപരമായ പ്രത്യേക ദിവസങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ നിയമപരമായി പരിശോധിച്ച് അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post a Comment

Previous Post Next Post