എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് പരമാവധി 30 ആയി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.

 


തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് പരമാവധി 30 ആയി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.

ഹയര്‍ സെക്കന്‍ഡറിയില്‍ 240 മാര്‍ക്ക്വരെ ഗ്രേസ് മാര്‍ക്കായി നല്‍കിയിരുന്നതാണ് 30ലേക്ക് നിജപ്പെടുത്തിയത്. ഒരിക്കല്‍ നല്‍കിയാല്‍ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍ഡക്സ് മാര്‍ക്ക് (ബോണസ് മാര്‍ക്ക്) നല്‍കില്ല. വിവിധ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ഇനമായിരിക്കും പരിഗണിക്കുക. സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്ര/ ഗണിത/ സാമൂഹിക/ പ്രവൃത്തിപരിചയ/ ഐ.ടി മത്സരങ്ങള്‍ക്കും സംസ്ഥാനതല ശാസ്ത്ര സെമിനാര്‍, സി.വി. രാമന്‍ ഉപന്യാസ മത്സരം, ശാസ്ത്ര ഇന്‍െവസ്റ്റിഗേറ്ററി പ്രോജക്ട്, ഗണിതശാസ്ത്ര ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രസന്‍റേഷന്‍, സാമൂഹിക ശാസ്ത്ര പത്രവായന മത്സരം, സാമൂഹിക ശാസ്ത്ര ടാലന്‍റ് സെര്‍ച്ച്‌ പരീക്ഷ, സ്പെഷല്‍ സ്കൂള്‍ കലോത്സവം എന്നിവയില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് 20 മാര്‍ക്കും ബി ഗ്രേസ് നേടുന്നവര്‍ക്ക് 15 മാര്‍ക്കും സി ഗ്രേഡ് നേടുന്നവര്‍ക്ക് പത്ത് മാര്‍ക്കുമാണ് അനുവദിക്കുക. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 20 മാര്‍ക്കും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 17 മാര്‍ക്കും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 14 മാര്‍ക്കുമായിരിക്കും അനുവദിക്കുക. ജൂനിയര്‍ റെഡ്ക്രോസ് -പത്ത്, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് (80 ശതമാനം ഹാജര്‍ സഹിതമുള്ള പങ്കാളിത്തം) -18, രാജ്യപുരസ്ക്കാര്‍/ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് -20, രാഷ്ട്രപതി അവാര്‍ഡ് -25, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് -20 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ ഗ്രേസ് മാര്‍ക്ക്. മറ്റ് വ്യവസ്ഥകള്‍: വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകള്‍ നടത്തുന്ന അക്വാട്ടിക്സ്, അത്ലറ്റിക്സ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങള്‍ക്കും നാലാം സ്ഥാനംവരെ നേടുന്നവര്‍ക്ക് ഏഴ് മാര്‍ക്ക് വീതം ലഭിക്കും. എട്ടാം ക്ലാസിലോ ഒമ്ബതാം ക്ലാസിലോ പഠിക്കുമ്ബോള്‍ സംസ്ഥാനതല സ്കൂള്‍ കലോത്സവം/ ശാസ്ത്രോത്സവം എന്നിവയില്‍ ലഭിക്കുന്ന ഗ്രേഡ് ഗ്രേസ് മാര്‍ക്കിന് പരിഗണിക്കാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കണമെന്നില്ല. പകരം റവന്യൂ ജില്ല മത്സരത്തില്‍ അതേ ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചാല്‍ മതി. എട്ടിലും ഒമ്ബതിലും പഠിക്കുമ്ബോള്‍ സംസ്ഥാന മെറിറ്റ്/ ദേശീയ മെറിറ്റ്/ പാര്‍ട്ടിസിപ്പേഷന്‍/ അന്തര്‍ദേശീയ മെറിറ്റ്/ പാര്‍ട്ടിസിപ്പേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പത്താം ക്ലാസില്‍ പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ എട്ടാം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കുന്നതെങ്കില്‍ ഒമ്ബതിലും പത്തിലും കുറഞ്ഞത് ജില്ല മത്സരത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്ബതിലെ സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കുന്നതെങ്കില്‍ പത്തില്‍ കുറഞ്ഞത് ജില്ല മത്സരത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവിധ വിഭാഗങ്ങളുംഗ്രേസ് മാര്‍ക്കും • എന്‍.സി.സി (കോര്‍പറല്‍/ അതിന് മുകളിലുള്ള റാങ്കുകള്‍, എ, ബി, സി സര്‍ട്ടിഫിക്കറ്റ്, ദേശീയ സൈനിക ക്യാമ്ബില്‍ പങ്കെടുത്തവര്‍, നേവല്‍ അറ്റാച്ച്‌മെന്‍റ് ക്യാമ്ബ്, ആര്‍മി അറ്റാച്ച്‌മെന്‍റ് ക്യാമ്ബ്, പ്രീ റിപ്പബ്ലിക് ഡേ ക്യാമ്ബ്, പ്രീ നൗ സൈനിക് ക്യാമ്ബ് എന്നിവയില്‍ പങ്കെടുത്തവര്‍ക്ക്) -25 മാര്‍ക്ക്. • 75 ശതമാനം ഹാജറുള്ള എന്‍.സി.സി കേഡറ്റ്- 20 മാര്‍ക്ക്. നാഷനല്‍ ക്യാമ്ബ്/ റിപ്പബ്ലിക് ഡേ ക്യാമ്ബില്‍ പങ്കെടുത്ത എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ക്ക് 25 മാര്‍ക്ക്. • എന്‍.എസ്.എസ് സര്‍ട്ടിഫിക്കറ്റുള്ള വളന്‍റിയര്‍മാര്‍ -20 മാര്‍ക്ക്. • സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് (ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്) -15 മാര്‍ക്ക്. • ദക്ഷിണേന്ത്യന്‍ സയന്‍സ് ഫെയര്‍ (ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്) -22മാര്‍ക്ക്. • ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് (ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്) -25 മാര്‍ക്ക്. • ലിറ്റില്‍ കൈറ്റ്സ് -15 മാര്‍ക്ക്. • ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ എക്സിബിഷന്‍ (സയന്‍സ് ഫെയര്‍) -25 മാര്‍ക്ക്. • സര്‍ഗോത്സവം എ ഗ്രേഡ് -15 മാര്‍ക്ക്. ബി ഗ്രേഡ് -10 മാര്‍ക്ക്. • സ്പോര്‍ട്സ് അന്തര്‍ദേശീയതല പങ്കാളിത്തത്തിന് -30 മാര്‍ക്ക്. • ദേശീയതലത്തില്‍ മെഡല്‍ നേടുന്നവര്‍ക്ക് 25 മാര്‍ക്ക്. • സ്പോര്‍ട്സ് സംസ്ഥാനതലം ഒന്നാംസ്ഥാനം -20 മാര്‍ക്ക്, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14. • കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ക്വിസ് മത്സരം ഒന്നാം സ്ഥാനം -അഞ്ച് മാര്‍ക്ക്, രണ്ടാം സ്ഥാനം -മൂന്ന് മാര്‍ക്ക്. • ബാലശ്രീ അവാര്‍ഡ് വിജയികള്‍ക്ക് -15 മാര്‍ക്ക്.

Post a Comment

Previous Post Next Post