കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് 26 മുതല്‍; ഒരാള്‍ക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്



കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നു. കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗരഗതാഗത സംവിധാനത്തിന്റെ ഭാഗമായ വാട്ടര്‍മെട്രോയുടെ ഉദ്ഘാടനം ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.

ഏപ്രില്‍ 26-ന് ഹൈകോടതി ടെര്‍മിനലില്‍ നിന്ന്‌ വൈപ്പിനിലേക്കും തിരിച്ചുമാണ്‌ ആദ്യ സര്‍വ്വീസ്‌. വൈറ്റില- കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27-നും സര്‍വീസ്‌ ആരംഭിക്കും. ഒരാള്‍ക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.

മെട്രോ റെയിലിന്‌ സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ്‌ വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്‌. പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ 78 വാട്ടര്‍ മെട്രോ ബോട്ടുകളായിരിക്കും സര്‍വീസ്‌ നടത്തുക. ഭിന്നശേഷി സൗഹൃദമാണ് ടെര്‍മിനലുകളും ബോട്ടുകളും. 


പ്രാരംഭ ഘട്ടത്തില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ടുമണി വരെയാണ്‌ വാട്ടര്‍മെട്രോ സര്‍വീസ്‌ നടക്കുക. പീക്ക്‌ അവറുകളില്‍ 15 മിനിറ്റ്‌ ഇടവേളകളില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടില്‍ വാട്ടര്‍ മെട്രോ സര്‍വീസ്‌ നടത്തും. 100 പേര്‍ക്ക്‌ യാത്രചെയ്യാന്‍ സാധിക്കുന്ന എട്ടു ബോട്ടുകളാണ്‌ നിലവില്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക്‌ ലഭിച്ചിരിക്കുന്നത്‌. മിനിമം ടിക്കറ്റ്‌ നിരക്ക്‌ 20 രൂപയും പരമാവധി ടിക്കറ്റ്‌ നിരക്ക്‌ 40 രൂപയുമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ യാത്രാ പാസ്സുകള്‍ക്ക്‌ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക്‌ ചെയ്യുന്ന മൊബൈല്‍ ക്യൂ.ആര്‍ ഉപയോഗിച്ചും യാത്രചെയ്യാം. 


ഹൈകോടതി- വൈപ്പിന്‍ - 20 രൂപ

വൈറ്റില- കാക്കനാട് - 30 രൂപ

പ്രതിവാര പാസ്‌ - 180 രൂപ

പ്രതിമാസ പാസ്‌ - 600 രൂപ

ത്രൈമാസ പാസ്‌ - 1500 രൂപ

Post a Comment

Previous Post Next Post