ദുബായിലെ തീപ്പിടിത്തം: മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം 16 പേർ മരിച്ചു



ദുബായ്: ദുബായ് ദേര ബുർജ് മുറാറിൽ താമസകെട്ടിടത്തിന് തീപിടിച്ച് മലയാളി ദമ്പതികളടക്കം 16 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാൽ സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ തീപിടിത്തമുണ്ടായത്. 

തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവരുടെ മരണം.


രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചതായാണ് വിവരം. ട്രാവൽസ് കമ്പനി ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രെസന്റ് സ്കൂൾ അധ്യാപികയാണ് ജിഷി. അതേസമയം 16-ഓളം പേർ മരിച്ചതായും മൃതദേഹങ്ങൾ ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. പോലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post