കേളകം : വേനൽ കടുത്തതോടെ പ്രതിസന്ധിയിലായി ക്ഷീരകർഷകർ. ചൂട് കൂടിയതോടെ പാൽ ഉത്പാദനം കുറഞ്ഞു. കാലികളെ വളർത്തുന്നതിനുളള ദൈനംദിന ചെലവ് വർധിച്ചു.
ഒരുദിവസം വൈക്കോൽ/പുല്ലിന് 120 രൂപയും കാലിത്തീറ്റ, ഗോതമ്പ് തവിട്, പിണ്ണാക്ക് എന്നിവയ്ക്ക് 200 രൂപയും ചെലവുവരും. ക്ഷീരകർഷകന്റെ ഒരു ദിവസത്തെ ശരാശരി ചെലവ് 320 രൂപ വരും. പത്തുലിറ്റർ പാൽ ലഭിക്കുന്ന ക്ഷീരകർഷകന് 40 രൂപ നിരക്കിൽ ലഭിക്കുക 400 രൂപയാണ്. മിച്ചം 80 രൂപ മാത്രം. അധ്വാനത്തിന്റെ മൂല്യം കൂടി കണക്കാക്കിയാൽ നഷ്ടമാണ് ക്ഷീരകർഷകർക്ക്.
വേനൽ ആരംഭിച്ചതോടെ പച്ചപ്പുല്ല് കിട്ടാനില്ല. അയൽസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന വൈക്കോലാണ് പശുക്കൾക്ക് ഇപ്പോൾ നൽകുന്നത്. 30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില. തിരിക്കച്ചിക്ക് ഒരു കെട്ടിന് 32-35 രൂപയും. ഉയർന്ന വിലയ്ക്കുപോലും വൈക്കോൽ കിട്ടാനുമില്ല. തമിഴ്‌നാട്ടിൽനിന്നടക്കം വൈക്കോൽ എത്തുന്നില്ല. കൂടാതെ കാലിത്തീറ്റ വില ഉയർന്നതും കർഷകർക്ക് തിരിച്ചടിയായി. 50 കിലോ കാലിത്തീറ്റയ്ക്ക് 1530 മുതൽ 1600 രൂപവരെയാണ് വില.
വൈക്കോലിനും കാലിത്തീറ്റയ്ക്കും വില ഉയർന്നതിന് അനുസൃതമായി പാൽവില വർധിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ക്ഷീരസംഘങ്ങൾ പാലിന് 45 രൂപ വരെ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും കൊഴുപ്പനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ട്. 43 രൂപയ്ക്കടുത്താണ് ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത്. വേനൽ കനക്കുന്നതോടെ പാലുത്‌പാദനം കുറഞ്ഞ് വരുമാനം കുറയുന്ന ക്ഷീരകർഷകർ കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയും കുറയ്ക്കാൻ നിർബന്ധിതരാവുന്നു. ഇത് പാലുത്‌പാദനം വീണ്ടും ഗണ്യമായി കുറയാൻ കാരണമാകുന്നു. ക്ഷീരകർഷകർക്ക് സർക്കാർ നൽകുന്ന സഹായങ്ങൾക്ക് പുറമേ വേനൽ കണക്കിലെടുത്ത് കൂടുതൽ സഹായങ്ങൾ നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
.jpeg)
Post a Comment