ധർമടത്ത് 'എളമ്പക്ക ചാകര' ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്



ധർമടത്ത് എളമ്പക്കവാരാൻ ഞായറാഴ്ച വൻ തിരക്ക്. ദേശീയ പാതയിൽ ധർമടം പാലത്തിന് സമീപം അഴിമുഖത്താണ് നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകൾ എളമ്പക്ക വാരാൻ എത്തിച്ചേർന്നത്. മൂന്ന് ആഴ്ചയോളമായി ഇവിടെ എളമ്പക്ക ചാകരയാണ്. വെള്ളം കുറയുന്ന നേരങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും എത്തി എളമ്പക്ക വാരിയെടുക്കുകയാണ് നാട്ടുകാർ. ദേശീയ പാതയോട് ചേർന്ന കടൽ ഭിത്തിയിലൂടെ കടലിലേക്ക് ഇറങ്ങിയാൽ ഇഷ്ടം പോലെ വാരിയെടുക്കാം. വെള്ളത്തിനടിയിൽ മണലിൽ പുതഞ്ഞ് കിടക്കുന്ന എളമ്പക്ക കൈ കൊണ്ട് വാരിയെടുത്ത് ചാക്കുകളിൽ നിറച്ച് മടങ്ങുകയാണ് ആളുകൾ.


എളമ്പക്കച്ചാകരയെ കുറിച്ച് കേട്ടറിഞ്ഞ് മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഇതുവഴി കടന്ന് പോകുന്ന യാത്രക്കാരും വാഹനങ്ങൾ നിർത്തി കടലിലിറങ്ങി ഒരുകൈ നോക്കുന്നു. എളമ്പക്ക വാരാൻ എത്തിയവർ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ടതിനാൽ ഞായറാഴ്ച ധർമടം പാലത്തിന് സമീപം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.



Post a Comment

Previous Post Next Post