കരുവഞ്ചാൽ: പാത്തൻപാറയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. പാത്തൻപാറ നരയൻങ്കല്ല് തട്ടിലെ ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ട ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ അപകടകരമായ ഒരു ഭൗമ പ്രതിഭാസമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്. പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. ഒരു വലിയ മലയാകെ താഴോട്ട് ഊർന്നിറങ്ങുന്ന നിലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. താഴ്വാരത്ത് ആയിരത്തിലധികം കുടുംബങ്ങൾ വസിക്കുന്നുണ്ട്. അധികാരികൾ എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റണം. ജിയോളജി വകുപ്പും ദുരന്തനിവാരണ സേനയും സ്ഥലം സന്ദർശിച്ച് അപകടകരമായ ഈ അവസ്ഥ ശാസ്ത്രീയമായി പഠിച്ച് പരിഹാര മാർഗങ്ങൾ വ്യക്തമാക്കണമെന്നും മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. പാത്തൻപാറ സെന്റ് ആന്റ ണീസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഇടയാടിയിൽ, എകെസിസി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഇടവക കോ-ഓർഡിനേറ്റർ, കൈകാരന്മാർ, ഇടവക അംഗങ്ങൾ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

Post a Comment