ബൈപാസ് കട്ടിംഗ്: പട്ടുവത്തേക്കുള്ള ഗതാഗതം ഏഴാംമൈല്‍-കൂവോട്പട്ടുവം റോഡ് വഴി തിരിച്ചുവിടും

 


തളിപ്പറമ്പ്: ദേശീയപാത 66ല്‍ തളിപ്പറമ്പ് ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ്-പട്ടുവം റോഡ് കട്ടിംഗ് നടത്തുമ്പോള്‍ പട്ടുവത്തേക്കുള്ള വാഹനഗതാഗതം ഏഴാംമൈല്‍-കൂവോട്-പട്ടുവം റോഡ് വഴി തിരിച്ചുവിടാന്‍ എം വിജിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതോടൊപ്പം തളിപ്പറമ്പ് ടൗണില്‍നിന്ന് വാളയാട് വഴി പട്ടുവത്തേക്കുള്ള റോഡ്, നിലവിലെ വീതി കുറഞ്ഞ പാലം പുനര്‍നിര്‍മ്മിച്ച് ഗതാഗത യോഗ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. റോഡ് നിര്‍മ്മാണത്തിന് സാമഗ്രികള്‍ നല്‍കി തളിപ്പറമ്പ് നഗരസഭ മുന്‍കൈയെടുക്കും. മനുഷ്യ വിഭവശേഷിയും യന്ത്രസാമഗ്രികളും ദേശീയപാത അതോറിറ്റി കരാറുകാറായ മേഘ കണ്‍സ്ട്രക്ഷന്‍ നല്‍കും. റോഡ് മുറിക്കുമ്പോള്‍ പട്ടുവത്തേക്കുള്ള കുടിവെള്ള പൈപ്പുകള്‍ക്ക് അതീവ ശ്രദ്ധ നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ആര്‍ഡിഒ ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടര്‍ ഒ വി രഞ്ജിത്ത്, തളിപ്പറമ്പ് എംഎല്‍എയുടെ പ്രതിനിധി വി ഷഗില്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി പി ദീപ, ദേശീയപാത അതോറിറ്റി ഡിഎം ജസ്പ്രീത്, മേഘ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post