തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 2,023 കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയും എഴുതും. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കന്ററി തലത്തിൽ ഏപ്രിൽ 3മുതൽ മെയ് ആദ്യവാരംവരെ മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കും.
80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി
തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയം ആരംഭിക്കും.
വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment