ആലക്കോട്: തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലുള്ള പാത്തൻപാറ സ്റ്റോണ്‍ ക്രഷറിന്റെ സമീപത്ത് ഭൂമി വിണ്ടുകീറുകയും ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ പാത്തന്‍പാറ ക്രഷറിന്റെയും കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖർ ഉത്തരവിട്ടു.
ദുരന്ത നിവാരണ നിയമമനുസരിച്ചാണ് നടപടി. കരിങ്കല്‍ ക്വാറിക്ക് മുകളില്‍ 150 മീറ്ററിലേറെയാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ അഞ്ച് മീറ്ററിലേറെ താഴ്ചയിലേക്ക് ഭൂമി ഇടിഞ്ഞിരു
ന്നു. പ്രദേശത്തെ ദുരന്തസാധ്യത വിവരിച്ച് കഴിഞ്ഞദിവസം ദീപിക വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.
കഴിഞ്ഞ മൂന്നിന് രൂപപ്പെട്ട വിള്ളൽ മൂലം പാത്തൻപാറ, മൈലംപെട്ടി പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. രണ്ടു മീറ്റർ വീതിയിലും ഒന്നര കിലോമീറ്ററോളം ദൂരത്തിലും താഴ്ച കാണാൻ പറ്റാത്ത വിധത്തിലാണ് ഇവിടെ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. പാത്തൻപാറ ക്വാറിയുടെ മുകൾഭാഗത്ത് നിലവിൽ മൂന്നേക്കറോളം സ്ഥലം ഏതുസമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. മിക്കയിടങ്ങളിലും ഭൂമി വിണ്ടുകീറിയ നിലയിലാണ്.
പൂർണമായും ചെരിഞ്ഞുകിടക്കുന്ന പ്രദേശത്തെ ഭൂമി രണ്ട് മീറ്ററിലധികം താഴുകയും രണ്ടു മീറ്ററില ധികം മണ്ണ് വേർപെട്ട നിലയിലുമാണ്. ഏതുസമയവും ഇത് താഴേക്ക് പതിക്കാവുന്ന അവസ്ഥ. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്തിന്റെ മുകളിൽ കാലവർഷത്തിൽ രണ്ട് വലിയ തോടുകൾ രൂപപ്പെടാറുണ്ട്.
ഈ തോട്ടിൽനിന്നും വെള്ളം വന്നാൽ പുതുതായി രൂപപ്പെട്ട ചാലുകളിലേക്കാണ് ഒഴുകുക. അങ്ങനെ സംഭവിച്ചാൽ ഇവിടെയുള്ള കല്ലും മണ്ണും പൂർണമായും താഴ്ഭാഗത്തേക്കുള്ള പ്രദേശത്തേക്ക് ഒഴുകും. ഇത് താഴെ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളേയും കൂടാതെ വെള്ളാട്, കരുവഞ്ചാൽ വരെയുള്ള കുടുംബങ്ങളേയും വ്യാപാരസ്ഥാപനങ്ങളേയും സാരമായി ബാധിക്കും. കൃഷിയിടങ്ങളും പൂർണമായും നശിക്കും.
ഭൂമിക്ക് വിള്ളലുണ്ടായതോടെ തൊട്ടുമുകളിലായി താമസിക്കുന്ന ആദിവാസി കോളനിവാസികളും ആശങ്കയിലാണ്. വെള്ളം വന്നുകൊണ്ടിരുന്ന പൈപ്പുകൾ ഉൾപ്പെടെ താഴ്ന്ന പ്രദേശത്തേക്ക് പോയതോടെ ഇവർക്കു വെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ഇവിടെ അപകടസൂചനാ ബോർഡുകളും വേലികളും സ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. മണ്ണ് നിരങ്ങി സ്ഥലത്തെ വൻമരങ്ങൾ ഉൾപ്പെടെ ഉണങ്ങിനശിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം ഈ പ്രദേശം തളിപ്പറമ്പ് തഹസിൽദാർ സജീവന്റെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു. ഇതോടെയാണ് ഇതിന്റെ അപകടസാധ്യത കൂടുതൽ വ്യക്തമായത്. തഹസിൽദാരുടെ നിർദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.

Post a Comment