ഇരിട്ടി: സംസ്ഥാന അതിര്‍ത്തിയിലെ കൂട്ടുപുഴ പഴയ പാലം റോഡ് കര്‍ണാടക പൊലീസ് ബാരിക്കേഡു വെച്ച് അടച്ചു. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പഴയ പാലത്തിലൂടെ ഗതാഗതം കുറഞ്ഞിരുന്നു.
അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞിരുന്നു.
ഇതോടെ അതിര്‍ത്തിയിലെ പുതിയ പാലത്തിന്റെ അരികിലൂടെയേ വൃദ്ധരും മാനസിക വൈകല്യമുള്ളവരും താമസിക്കുന്ന സ്ഥലമായ സ്നേഹഭവനിലേക്ക് എത്താന്‍ സാധിക്കൂ. നൂറിലധികം അന്തേവാസികള്‍ ഇവിടെയുണ്ട്. ഇവിടേക്ക് സഹായങ്ങളുമായി ആളുകള്‍ എത്തുന്നതും ഇവിടെയുള്ളവര്‍ക്ക് മറ്റു അസുഖങ്ങള്‍ വന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതുള്‍പ്പെടെ പുതിയപാലം കടന്ന് പഴയ പാലത്തിലേക്കുള്ള റോഡിലൂടെ ആയിരുന്നു.
ഇതിന്റെ കവാടത്തില്‍ ബാരിക്കേഡുവെച്ച് കര്‍ണാടക പൊലീസ് തടസ്സം സൃഷ്ടിച്ചതോടെ സ്നേഹഭവന്‍ ഒറ്റപ്പെട്ട നിലയിലായി. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിന്റെ നിര്‍മാണം കര്‍ണാടക വനംവകുപ്പ് തടഞ്ഞിരുന്നു.
അതിര്‍ത്തിയില്‍ മറ്റ് പ്രദേശങ്ങളിലും കര്‍ണാടക കേരളത്തിന്റെ അധീനതയിലുള്ള സ്ഥലം കൈയേറ്റം നടത്തുന്നതായും പരാതിയുണ്ട്.
തകര്‍ച്ചഭീഷണിയിലായ പഴയ പാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ.എസ്.ടി.പി പ്രഖ്യാപിക്കുകയും അതിന്റെ ഭാഗമായി ഒമ്ബതു ലക്ഷം ചെലവില്‍ പാലം പെയിന്റിങ് പ്രവൃത്തി ഉള്‍പ്പെടെ നടത്തി മോടി കൂട്ടുകയും ഉപരിതലം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു. കര്‍ണാടകയുടെ പുതിയ സമീപനത്തോടെ പഴയ പാലം ഇനി ഗതാഗതത്തിന് സമാന്തരപാതയായി പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

Post a Comment