ഇരിട്ടി : കർണാടകത്തിൽനിന്ന് വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് പച്ചക്കറികൾ ഉൾപ്പെടെ കടത്തിയ മിനിലോറി മോട്ടോർവാഹനവകുപ്പ് പിടിച്ചു. കൂട്ടുപുഴ അതിർത്തിയിൽ വാഹനപരിശോധനയ്ക്കിടെയാണ് ലോറി പിടിച്ചത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ചരക്ക് കൊണ്ടുവരുമ്പോൾ അടക്കേണ്ട നികുതിയും അനുബന്ധ ഫീസുകളും ഓൺലൈനാലായി അടച്ചതിന്റെ വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ഡ്രൈവർ ഹുൻസൂർ സ്വദേശി പ്രതാപിനെ (51) അറസ്റ്റ് ചെയ്തു. മോട്ടോർവാഹനവകുപ്പ് ചോദ്യം ചെയ്തശേഷം ഇരിട്ടി പോലീസിന് കൈമാറി. വ്യാജരേഖ ചമച്ചതിനാണ് ഇയാൾക്കെതിരേ കേസ്. ഹുൻസൂരിൽനിന്ന് മാക്കൂട്ടം ചുരം പാത വഴി പച്ചക്കറി കയറ്റി വന്ന ലോറിക്ക് ഫീസ് ഓൺലൈനായി അടച്ചതിന്റെ രേഖ ഉണ്ടായിരുന്നു. കൂട്ടുപുഴ ചെക്‌പോസ്റ്റിൽ മോട്ടോർവാഹനവകുപ്പ് വിശദമായി പരിശോധിക്കുന്നതിനിടയിൽ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കഴിഞ്ഞമാസം എടുത്ത പെർമിറ്റ് തീയതി തിരുത്തി പുതിയ പെർമിറ്റ് ആക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഹുൻസൂരിലെ ഓൺലൈൻ സ്ഥാപനത്തിൽനിന്നാണ് പെർമിറ്റ് എടുത്തത് എന്ന് ഇയാൾ മൊഴി നൽകി. ഇതിനായി 2600 രൂപ നൽകിയതായും പറഞ്ഞു. ഓൺലൈൻ സ്ഥാപനം കാലാവധി കഴിഞ്ഞ പെർമിറ്റിൽ തീയതി തിരുത്തി നൽകിെയന്നാണ് സംശയിക്കുന്നത്. പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സനീഷ് പുതിയവീട്ടിൽ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺകുമാർ എന്നിവർ പറഞ്ഞു.

Post a Comment