ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് കൃഷി വകുപ്പ് അയച്ച കർഷകരിൽ ഇരിട്ടി സ്വദേശിയെ കാണാതായി



സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് (48) ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽ നിന്ന് 17ന് രാത്രി കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്ത് നിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുക ആയിരുന്നു.


കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചു. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആളെ കുറിച്ച് വിവരം ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി.


ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നു എങ്കിലും വീസ സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് 8 വരെ കാലാവധിയുണ്ട്. ഇസ്രയേൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post