കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. പരിഹാരത്തിനായി നിര്‍മിക്കുന്ന കണ്ണൂര്‍ തെക്കിബസാറിലെ മേല്‍പ്പാലത്തിനായുള്ള സ്ഥലമെടുപ്പിന്റെ ഭൂരിഭാഗവും പൂര്‍ത്തിയായി.
എ.കെ.ജി. ആസ്പത്രിക്കും മക്കാനിക്കും ഇടയിലുള്ള സ്ഥലത്തുനിന്ന് ആരംഭിച്ച് കണ്ണൂര്‍ ഡി.സി.ഇ. ഓഫീസിന് സമീപംവരെ പണിയുന്ന മേല്‍പ്പാലത്തിന് 1.1 കിലോമീറ്ററാണ് നീളം. 10.9 മീറ്റര്‍ വീതിയുണ്ടാകും. ഏഴര മീറ്ററായിരിക്കും സര്‍വീസ് റോഡുകളുടെ വീതി. സര്‍വീസ് റോഡുകള്‍ക്ക് ഇരുഭാഗത്തുമായി രണ്ട് മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും കാല്‍നടപ്പാതയും മികച്ച ഓവുചാല്‍ സംവിധാനവും ഉണ്ടാകും. നിലവിലുള്ള റോഡിനു മുകളില്‍ തൂണുകളിലായിരിക്കും മേല്‍പ്പാലം ഉറപ്പിക്കുക.
ഇരുനൂറോളം ഉടമകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരുക. ഇതില്‍ എണ്‍പത്തിയേഴ് കോടി രൂപ നല്‍കി. കെട്ടിടമുടമകളില്‍ പകുതിപ്പേരും പൂര്‍ണമായും ഒഴിഞ്ഞു. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചിരിക്കുന്ന ഉടമകളുമുണ്ട്. ഇവരുടെ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മേല്‍പ്പാലത്തിനായുള്ള കണ്ണൂരിന്റെ ആവശ്യം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. നഗരത്തില്‍ പുതിയതെരുമുതല്‍ പലസമയത്തും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് മേല്‍പ്പാല നിര്‍മണം.
2016-17 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 130.87 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇനി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് സര്‍ക്കാര്‍ അനുമതി വാങ്ങിക്കേണ്ടി വരും. കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍. ലൈനുകളും വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിക്കണം. ഇതിനും ചെലവ് ഏറെ.
ഗാന്ധിസര്‍ക്കിളിന് മുകളിലൂടെ വളഞ്ഞാണ് മേല്‍പ്പാലം കടന്നുപോകുക. പുതിയതെരു ഭാഗത്തുനിന്ന് താണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മേല്‍പ്പാലം വഴി കടന്നുപോകും. താണഭാഗത്തുനിന്ന് പുതിയതെരു ഭാഗത്തേക്കുള്ള വാഹനങ്ങളും മേല്‍പ്പാലം വഴിയായിരിക്കും. കണ്ണൂര്‍ ടൗണിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡു വഴി സഞ്ചരിക്കും.
കണ്ണൂരില്‍ മേല്‍പ്പാലം എന്നത് ഒരു സ്വപ്നപദ്ധതിയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ഏറെക്കാലത്തെ ആവശ്യമാണ് തെക്കിബസാര്‍ മേല്‍പ്പാലം. സ്ഥലമേറ്റെടുക്കലും കെട്ടിടമൊഴിപ്പിക്കലും ഭൂരിഭാഗവും പൂര്‍ത്തിയായി. ഉടന്‍ നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് - രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ വ്യക്തമാക്കി.

Post a Comment