ആലക്കോട്: വേറിട്ട കോഴ്സുകള്‍ പഠിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുമായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ 12 വിദ്യാര്‍ഥികള്‍.
അഞ്ച് മാസത്തിലധികമായി സജീവ് ജോസഫ് എം.എല്‍.എക്കൊപ്പമായിരുന്നു അവര്‍. പാര്‍ലമെന്‍ററി കാര്യങ്ങളെക്കുറിച്ചും നേതൃശേഷിയെക്കുറിച്ചും ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമെല്ലാം അവര്‍ പഠിക്കുകയായിരുന്നു.
സജീവ് ജോസഫ് എം.എല്‍.എ നടത്തിയ ജനപ്രതിനിധി കോഴ്സിലെ ആദ്യ ബാച്ച് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ശനിയാഴ്ച മടമ്ബം പി.കെ.എം കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം. ഹേമലത മുഖ്യാതിഥിയായി.
പാര്‍ലമെന്‍റററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്താനും സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍, ഫണ്ടുകള്‍, നയരൂപവത്കരണത്തിന്റെ വിവിധ മേഖലകള്‍ എന്നിവ മനസ്സിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു.
ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും ആലക്കോടുമുള്ള എം.എല്‍.എയുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്റേണ്‍ഷിപ്. രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സോഷ്യല്‍ എന്‍ജിനീയറിങ് കൂട്ടായ്മയായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷന്‍ നെറ്റ് വര്‍ക്കാണ് ഇന്റേണ്‍ഷിപ് പരിപാടി രൂപകല്‍പന ചെയത് നടപ്പാക്കിയത്.
വിവിധ ജില്ലകളില്‍നിന്നുള്ള ഇരുനൂറോളം അപേക്ഷകളില്‍നിന്ന് പരീക്ഷ, അഭിമുഖം, ഗ്രൂപ് ചര്‍ച്ച എന്നിവയിലൂടെയാണ് 21 വയസ്സ് കഴിഞ്ഞ 12 പേരെ തിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഇന്റേണ്‍ഷിപ് തുടങ്ങിയത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കോര്‍പറേഷന്‍, ജില്ല പഞ്ചായത്ത്, കലക്ടറേറ്റ് എന്നിവ സന്ദര്‍ശിക്കുകയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ നടത്തിയ ത്രിദിന ക്യാമ്ബിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും വികസന മാതൃകകളും മനസ്സിലാക്കി. 10 ദിവസം നിയമസഭ സന്ദര്‍ശിക്കാനും ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുമായി ആശയവിനിമയം നടത്താനുമുള്ള അവസരവും ലഭിച്ചു.
ഏറെ അഭിമാനമുണ്ടെന്നും പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ പലരും എം.എല്‍.എമാരെ സമീപിക്കുന്നത് കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും തുടര്‍ന്നും പരിപാടിയുടെ അടുത്ത ഘട്ടം നടത്തുമെന്നും സജീവ് ജോസഫ് എം.എല്‍.എ മാധ്യമത്തോട് പറഞ്ഞു.

Post a Comment