ആലക്കോട്, കരുവൻചാൽ പാലം പണി വേഗത്തിലാക്കുന്നു



ആലക്കോട് : നീണ്ട അനിശ്ചിതത്വത്തിനും കാലതാമസങ്ങൾക്കും ഒടുവിൽ പണി തുടങ്ങിയ ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ നിർമാണ പ്രവൃത്തി വേഗത്തിലായി. തർക്കങ്ങളും നിയമനടപടികളുമായി പണി ഇടയ്ക്കിടെ നിലക്കുന്നതിൽ ജനരോഷം ഉയർന്നിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ താലൂക്ക് സർവേ ഉദ്യേഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തിൽ ആലക്കോട് പാലത്തിന്റെ പണിക്കെതിരേ പരാതിയുണ്ടായ തർക്കസ്ഥലം അളന്ന്‌ രേഖകൾ പരിശോധിച്ചതിൽ പുറമ്പോക്ക് കൈയേറ്റം നടന്നതായി തെളിഞ്ഞിരുന്നു. പാലം നിർമാണത്തിനെതിരേ കീഴ്‌കോടതി നൽകിയിരുന്ന സ്റ്റേ ഹൈക്കോടതി റദ്ദാക്കുകയും പ്രവൃത്തി തുടരാൻ അനുകൂല ഉത്തരവ് നൽകുകയും ചെയ്തു. ഇതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്. മഴക്കാലത്തിന് മുമ്പ് തുണുകളും കോൺക്രീറ്റ് പ്രവൃത്തികളും പൂർത്തിയാക്കിയാൽ മഴക്കാലത്ത് മറ്റു പണികൾ ചെയ്യാമെന്നതിനാലാണ് നിർമാണവേഗം കൂടിയിട്ടുള്ളത്.


സാങ്കേതികതടസ്സങ്ങൾ കാരണം ടെൻഡർ ഉറപ്പിക്കാൻ വൈകിയതോടെയാണ് കരുവൻചാൽ പാലം നിർമാണം നീണ്ടത്. വൈകിയാണ് തുടങ്ങിയതെങ്കിലും മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ട പ്രവൃത്തികൾ വേഗത്തിൽ തുടരുകയാണ്. ഇക്കൊല്ലം അവസാനമോ അടുത്തവർഷം ആരംഭത്തിലോ പണി പൂർത്തിയാക്കാനാണ് ശ്രമം.

 രണ്ടുപാലങ്ങളും നിലവിലുള്ള പാലങ്ങളോട് ചേർന്നാണ് പണിതുവരുന്നത്. രണ്ടിടത്തും വലിയ ഗതാഗതക്കുരുക്കാണിപ്പോൾ അനുഭവപ്പെട്ടുവരുന്നത്. രാവിലെയും വൈകുന്നേരവും ദീർഘദൂര ബസുകൾ ഉൾപ്പെടെ ഇരുഭാഗങ്ങളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടിപ്പോൾ. 

മലയോരഹൈവേയുടെയും തളിപ്പറമ്പ്-കൂർഗ് ബോർഡർ (ടി.സി.ബി.) റോഡിന്റെ ഭാഗമായ കരുവൻചാൽ, ആലക്കോട് പാലങ്ങൾ പൂർത്തിയായി തുറന്നുകൊടുക്കുന്നതോടെ മലയോരവികസനത്തിൽ വലിയ കുതിച്ചുചാട്ടത്തിന് ഇടയാക്കും.

Post a Comment

Previous Post Next Post