ആലക്കോട്: ആലക്കോട് ടൗണിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് കല്ലേറിൽ തകർന്നതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സംഭവത്തിന് പിന്നിലെ കുറ്റക്കാരനെന്ന് കണ്ടെത്തിയ രാത്രി കാവൽക്കാരനായ ഗൂർഖയിൽ നിന്ന് കെ.എസ്.ആർ.ടി.സി അധികൃതർ നഷ്ടപരിഹാര തുക ഈടാക്കി. ന്യൂ ബസാറിൽ കുരിശ് പള്ളിക്ക് സമീപം മെയിൻ റോഡിൽ രാത്രി നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സിയുടെ കെ.എൽ 15
9998 ആലക്കോട്-മംഗലാപുരം ബസിന്റെ പിൻവശത്തെ ഗ്ലാസാണ് തകർന്നത്. ഇന്നലെ രാവിലെ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ്
സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കണ്ടക്ടർ അനിൽകുമാറിന്റെ പരാതിയിൽ പി.ഡി.പി.പി നിയമപ്രകാരം പോലീസ് കേസെടുക്കുകയും പ്രതിയെ കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പരിസരത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ ടൗണിലെ ഗൂർഖയായ നേപ്പാളി സ്വദേശി ഗണേഷാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിലെ വസ്തുതകൾ പുറത്തുവന്നത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ടൗണിൽ നിൽക്കുമ്പോൾ ഇതു വഴി കടന്നു പോയ ബൈക്ക് യാത്രക്കാരെ അക്രമിക്കാൻ ശ്രമിച്ച
തെരുവ്നായയെ തുരത്താൻ കല്ലെറിയുകയായിരുന്നുവെന്നും ബസിന്റെ ഗ്ലാസിൽ പതിച്ചത് താൻ അറിഞ്ഞില്ലെന്നുമാണ് ഗണേഷ് മൊഴി നൽകിയത്. തെരുവ്നായയെ എറിഞ്ഞ കല്ല് ലക്ഷ്യം തെറ്റി വീണ് ഗ്ലാസ് പൊട്ടുകയായിരുന്നു. ഇതിനിടെ വ്യാപാരി നേതാക്കളും മറ്റും ഇടപെട്ട് കെ.എസ്.ആർ.ടി.സി അധികൃതരുമായി
ചർച്ച നടത്തി ഗൂർഖയുടെ ഭാഗത്ത് നിന്നുണ്ടായത് മനപൂർവമായ കല്ലേറല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കെ.എ
സ്.ആർ.ടി.സിക്ക് സംഭവിച്ച നഷ്ടത്തിന് പരിഹാരമായി തുക നൽകി പ്രശ്നം പരിഹരിച്ചത്.അതേസമയം സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment